ad
Deshabhimani

​ഒടുവിൽ തമിഴ്നാട്ടിലും; ഗവർണറെന്ന കേന്ദ്രത്തിന്റെ രാഷ്ട്രീയ ആയുധം

vijay1‌
വെബ് ഡെസ്ക്

Published on May 11, 2026, 06:38 PM | 2 min read

കേന്ദ്രസർക്കാരിന്റെ ചൊൽപ്പടിക്കനുസരിച്ച് വിവിധ സംസ്ഥാനങ്ങളിൽ‌ ഭരണഘടനാ വിരുദ്ധമായി ഇടപെട്ട് രാജ്യത്തെ ഫെഡറൽ സംവിധാനം തകർക്കുന്ന സ്ഥിതിവിശേഷം ​ഗവർ‌ണർമാർ ഇപ്പോഴും തുടരുകയാണ്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ​ഗവർണർ‌മാരുടെ ഇടപെടൽ ജനാധിപത്യ വിരുദ്ധവും ഭരണഘടനയെ വെല്ലുവിളിക്കുന്നതുമായി മാറിയിട്ട് കാലങ്ങളായി. കോടതികൾ തന്നെ പല സമയത്തായി ഇതിനെതിരെ ശബ്ദമുയർ‌ത്തിയെങ്കിലും ഇപ്പോഴും അത് തുടരുകയാണ്. കേന്ദ്രം തങ്ങളുടെ നിക്ഷിപ്ത താൽപര്യങ്ങൾക്കായി ​ഗവർണാരെ ഉപയോ​ഗിച്ചുകൊണ്ടേ ഇരിക്കുന്നു.


ഏറ്റവുമൊടുവിൽ‌ 108 സീറ്റ് നേടി തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ‌ വിജയിച്ച വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കേണ്ട വിഷയത്തിലും അദ്ദേഹത്തെ ക്ഷണിക്കാതെ സമയം നീട്ടിക്കൊണ്ടുപോയി രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് കൊണ്ടുവരുന്നതിനായി ​ഗവർണർ ആർ‌ലേക്കർ ശ്രമിച്ചു. ഇടതുപക്ഷത്തിന്റെ സമയോജിതവും നിർ‌ണായകവുമായ ഇടപെടലാണ് ബിജെപിയുടെ ​ നീക്കങ്ങൾ പൊളിച്ചത്. നിരവധി തവണ കോടതി താക്കീത് ചെയ്തിട്ടും സംസ്ഥാനങ്ങളിൽ ​ഗവർണർമാരെ ഉപയോ​ഗിച്ച് ജനാധിപത്യ ദ്വംസനങ്ങൾ തുടരുക തന്നെയാണ് മോദി സർക്കാർ.


കേരളത്തെ സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ രം​ഗത്ത് സംഘപരിവാർവത്കരണം നടപ്പാക്കാനായിരുന്നു ​ഗവർ‌ണറെ ഉപയോ​ഗിച്ചത്. ആരിഫ് മുഹമ്മദ് ഖാനെയായിരുന്നു കേന്ദ്രം ഇതിനായി കേരളത്തിലേക്ക് പറഞ്ഞയച്ചത്. കേരള സാങ്കേതിക സർവകലാശാലയിലും (കെടിയു) ഡിജിറ്റൽ സർവകലാശാലയിലും താൽക്കാലിക വൈസ്‌ചാൻസലർമാരെ നിയമിച്ച ഗവർണറുടെ നടപടി ഭരണഘടനയെ തൃണവൽഗണിക്കുന്നതായിരുന്നു. ഗവർണറുടെ ജനാധിപത്യവിരുദ്ധതയെ വിമർശിച്ചും തടഞ്ഞുമുള്ള കേരള ഹൈക്കോടതി വിധിയുടെ മഷിയുണങ്ങും മുമ്പാണീ തെറ്റായ നിയമനങ്ങൾ നടന്നത്. നിയമസഭ പാസാക്കിയ ബില്ലിൽ തീരുമാനമെടുക്കാൻ വൈകിയതിന്‌ സുപ്രീംകോടതിയും 2023 നവംബറിൽ ഗവർണറെ വിമർശിച്ചിരുന്നു


പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളുടെ കാര്യങ്ങളിൽ ഗവർണറുടെ ഓഫീസ് അനാവശ്യമായി ഇടപെടുകയായിരുന്നു. അങ്ങനെ, കേരളം, പശ്ചിമ ബംഗാൾ, പഞ്ചാബ്, തെലങ്കാന, ജാർഖണ്ഡ്, തമിഴ്‌നാട് തുടങ്ങിയ പ്രതിപക്ഷം ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങൾക്കും ഭരണഘടനയ്ക്ക് കീഴിലുള്ള തങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ച് തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളോട് അതിരുകടന്ന മനോഭാവം പ്രകടിപ്പിക്കാൻ ശ്രമിച്ച അതത് ഗവർണർമാരുമായി പ്രശ്‌നങ്ങൾ നേരിടേണ്ടി വരികയായിരുന്നു. ഈ സർക്കാരുകളിൽ ചിലത്, അടുത്തിടെ, തങ്ങളുടെ സംസ്ഥാനങ്ങളിൽ സുഗമമായ ഭരണം ഉറപ്പാക്കുന്നതിനും ഗവർണർമാരെ നിയന്ത്രണത്തിലാക്കുന്നതിനും ജുഡീഷ്യൽ പരിഹാരങ്ങൾ തേടി കോടതിയെ സമീപിച്ചു


പാർലമെന്ററി ജനാധിപത്യത്തിൽ, യഥാർഥ അധികാരം ജനങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിലാണ് നിക്ഷിപ്തമെന്നും രാഷ്ട്രപതി നിയമിച്ച വ്യക്തി എന്ന നിലയിൽ ഗവർണർ രാഷ്ട്രത്തിന്റെ തലവനാണെന്നും സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസായിരുന്ന ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വിധിച്ചിട്ടുണ്ട്. ഭരണഘടന ഗവർണർക്ക് വിവേചനാധികാരം വിനിയോഗിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള മേഖലകൾ ഒഴികെ, മന്ത്രിസഭയുടെ "സഹായത്തിന്റെയും ഉപദേശത്തിന്റെയും" അടിസ്ഥാനത്തിലാണ് ഗവർണർ പ്രവർത്തിക്കുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി.


തമിഴ്നാട്ടിൽ സ്റ്റാലിൻ സർ‌ക്കാർ പാസാക്കാനായി ​ഗവർണർക്ക് അയച്ച ബില്ലുകൾ ഒപ്പിടാതെ നാളുകൾ നീട്ടിക്കൊണ്ട് പോവുകയും തുടർന്ന് സർക്കാർ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ ബില്ല് പാസാക്കുകയുമായിരുന്നു. ഇപ്പോഴിതാ തമിഴകത്ത് വിജയ്ക്കെതിരെയും കേന്ദ്രം അധികാര ദുര്‍വിനയോ​ഗത്തിന്റെ വാളെടുത്തിരിക്കുന്നു. എന്നാൽ കൃത്യസമയത്തുണ്ടായ ഇടപെടല്‍ സംഘപരിവാറിന്റെ നീക്കങ്ങളെ അസാധുവാക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home