print edition തമിഴ്‌നാട്ടിൽ ഗവർണറുടെ കളി

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം അനിശ്‌ചിതത്വത്തിലാക്കി ഗവർണർ ആർ വി ആർലേക്കർ. ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴക വെട്രി കഴകത്തെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാൻ ഗവർണർ കൂട്ടാക്കുന്നില്ല. സർക്കാർ രൂപീകരിക്കാൻ ഭൂരിപക്ഷമില്ലെന്ന് ടിവികെയെ അറിയിച്ചതായി ലോക്ഭവൻ വ്യാഴാഴ്‌ച വാർത്താക്കുറിപ്പിറക്കി.
ഗവർണറുടെ ക്ഷണമനുസരിച്ച് ടിവികെ അധ്യക്ഷൻ വിജയ് വീണ്ടും ലോക്ഭവനിലെത്തി. 113 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും ഭൂരിപക്ഷം സഭയിൽ തെളിയിക്കാമെന്നും വിജയ് അറിയിച്ചെങ്കിലും 118 പേരുടെ പിന്തുണ തനിക്ക് ബോധ്യപ്പെടണമെന്നാണ് ഗവർണറുടെ നിലപാട്.
ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ ക്ഷണിക്കാത്ത ഗവർണറുടെ നിലപാടിനെതിരെ ടിവികെ സുപ്രീംകോടതിയെ സമീപിക്കും. അതേസമയം, ടിവികെയ്‌ക്ക് ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകാത്ത ഗവർണറുടെ നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നു. ടിവികെ പ്രവർത്തകർ ലോക്‌ഭവന് മുന്നിൽ പ്രതിഷേധിച്ചു.
ഡിഎംകെ, സിപിഐ എം, സിപിഐ, വിസികെ, മക്കൾ നീതി മയ്യം തുടങ്ങിയ പാർടികൾ ഗവർണറുടെ നിലപാട് തള്ളി രംഗത്തെത്തി. ടിവികെയ്‌ക്ക് സർക്കാർ രൂപീകരിക്കാൻ സ്വതന്ത്ര സാഹചര്യം ഉണ്ടാകണമെന്നും തമിഴ്‌നാട്ടിൽ ഭരണഘടനാ പ്രതിസന്ധിയോ പെട്ടെന്നൊരു തെരഞ്ഞെടുപ്പോ ആഗ്രഹിക്കുന്നില്ലെന്നും എം കെ സ്റ്റാലിൻ പ്രതികരിച്ചു.
ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകുന്നതിന് ഗവർണർ കാലതാമസം വരുത്തുന്നതിൽ ന്യായീകരണമില്ലെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. ഗവർണറുടെ നിലപാട് തമിഴ്നാടിനെ അപമാനിക്കുന്നതാണെന്ന് മക്കൾ നീതി മയ്യം നേതാവും രാജ്യസഭാംഗവുമായ കമൽഹാസൻ പറഞ്ഞു.
സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ വിജയ്‌ക്ക് അവസരം നൽകണമെന്ന് വിസികെ നേതാവ് തൊൽ തിരുമാവളവനും സിപിഐ സംസ്ഥാന സെക്രട്ടറി എം വീരപാണ്ഡ്യനും ആവശ്യപ്പെട്ടു. എന്നാൽ ടിവികെയ്‌ക്ക് ഭൂരിപക്ഷമില്ലെന്ന നിലപാടിലാണ് ബിജെപി.
പിഎംകെയുടെയും വിസികെയുടെയും പിന്തുണ തേടാമെന്ന പ്രതീക്ഷയിലാണ് ടിവികെ. ബിജെപിയെ ഉൾപ്പെടുത്തിയുള്ള സർക്കാർ രൂപീകരിക്കാനായുള്ള സമ്മർദതന്ത്രമാണ് ഗവർണറുടേതെന്ന ആരോപണവും ശക്തം. ഡിഎംകെയുടെ പുറത്തുനിന്നുള്ള പിന്തുണയോടെ എഐഎഡിഎംകെ സർക്കാർ രൂപീകരിക്കാനാകുമോയെന്ന ചർച്ചയും സജീവം.










0 comments