തമിഴ്‌നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു; വിജയ് ഇന്ന് വീണ്ടും ഗവർണറെ കാണും

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രീയ നാടകങ്ങൾ മുറുകുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് ഇന്ന് വീണ്ടും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കാണും.
സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് വിജയ് നേരത്തെ ഗവർണറെ സമീപിച്ചിരുന്നെങ്കിലും, ഭൂരിപക്ഷം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ഗവർണർ ആവശ്യപ്പെട്ടിരിക്കുകയാണ്.
അതേസമയം, വിജയ്‌യെ ഉടൻ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് രാജ്ഭവന് മുന്നിൽ ടിവികെ പ്രവർത്തകർ വൻ പ്രതിഷേധം സംഘടിപ്പിച്ചു. നൂറുകണക്കിന് പ്രവർത്തകരാണ് ചെന്നൈയിലെ ലോക് ഭവൻ പരിസരത്ത് തടിച്ചുകൂടിയിരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പ്രദേശം പൊലീസ് വലയത്തിലാണ്.
234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടിയാണ് ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ വിജയിയുടെ കക്ഷിനില 113 ആയി ഉയർന്നെങ്കിലും കേവല ഭൂരിപക്ഷമായ 118 തികയ്ക്കാൻ 5 പേരുടെ പിന്തുണ കൂടി ആവശ്യമാണ്.










0 comments