ad
Deshabhimani

print edition വിസിൽ മുഴക്കി വിജയ്

Vijay.jpg

ഫലമറിഞ്ഞശേഷം വിജയ് ആരാധകരെ അഭിവാദ്യംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 05, 2026, 12:36 AM | 1 min read

ചെന്നൈ: "ഉങ്ക വിജയ് നാൻ വരേ 'പാട്ടുമായി അഴിമതി വിരുദ്ധത, തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ മുദ്രാവാക്യവുമയർത്തി പ്രചാരണം നടത്തിയ വിജയ്‍ക്കൊപ്പം യുവതയും സ്ത്രീകളും അണിനിരന്നു. ഫലം ഡിഎംകെയുടെ ശക്തികേന്ദ്രമായ ചെന്നൈ നഗരമുൾപ്പെടുന്ന ഗ്രേറ്റർ ചെന്നൈ അടക്കം നഗരമേഖലകളിൽ വിജയ്‍ തരംഗം ആഞ്ഞുവീശി.


ഗ്രേറ്റർ ചെന്നൈ മേഖലയിലെ 34ൽ 32 സീറ്റും ടിവികെ നേടി. കഴിഞ്ഞതവണ ഡിഎംകെ നേതൃത്വത്തിലുള്ള മതനിരപേക്ഷ മുന്നണി തൂത്തുവാരിയ മേഖലയിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അടക്കം തോറ്റു. ഇവിടെ 45 ശതമാനത്തിലേറെ വോട്ടാണ് ടിവികെയ്‍‌ക്ക് കിട്ടിയത്. എഐഎഡിഎംകെ നേതൃത്വത്തിലുള്ള എൻഡിഎ ഗ്രാമീണമേഖലയിലാണ് കൂടുതൽ സീറ്റുകൾ നേടിയത്.


പ്രധാന പ്രതിപക്ഷമായിരുന്ന എഐഎഡിഎംകെയെ അട്ടിമറിച്ചാണ് ടിവികെയുടെ തേരോട്ടം. ഡിഎംകെയും എഐഎഡിഎംകെയും നേരിട്ട് ഏറ്റുമുട്ടിയ 135 സീറ്റുകളിൽ ടിവികെ 51 സീറ്റ് നേടി. ബിജെപിയും ഡിഎംകെയും നേരിട്ട് ഏറ്റുമുട്ടിയ 25 മണ്ഡലങ്ങളിലും ടിവികെ നേട്ടമുണ്ടാക്കി. 16 സീറ്റ് നേടി. എസ്‍സി, എസ്‍ടി സംവരണ മണ്ഡലങ്ങളിലും ടിവികെ മുന്നിലെത്തി.


നേരത്തെ തുടങ്ങി


തമിഴക വെട്രികഴകം രൂപീകരിച്ച് സജീവ രാഷ്‍ട്രീയത്തിലേക്ക് വിജയ് ഇറങ്ങിയത് 2024 ഫെബ്രുവരിയിലാണ്. എന്നാൽ 2009 മുതൽ വിജയ് രാഷ്ട്രീയത്തിലിറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. 2009ൽ തന്റെ ആരാധക കൂട്ടായ്‍മ പുനഃസംഘടിപ്പിച്ച് വിജയ് മക്കൾ ഇയക്കം എന്ന പേരിലേക്ക് ഔദ്യോഗികമായി മാറ്റി.


2010-കളുടെ അവസാനത്തിലും 2020-കളുടെ തുടക്കത്തിലും വിജയ്‍യുടെ സിനിമയുമായി ബന്ധപ്പെട്ട പൊതുപരിപാടികൾക്ക് കൂടുതൽ വ്യക്തമായ രാഷ്ട്രീയ മുഖം കൈവന്നു. 2019-ൽ പൗരത്വ ഭേദഗതി നിയമത്തെ വിമർശിച്ച് രംഗത്തെത്തി. 2021-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയ് മക്കൾ ഇയക്കം മത്സരിച്ച മിക്ക സീറ്റുകളിലും വിജയിച്ചു.


അവസാനമായി അഭിനയിച്ച ചിത്രം ജനനായകന് സെൻസർബോർഡ് വിലക്കിനെതുടർന്ന് പുറത്തിറങ്ങിയില്ല. 2025 സെപ്തംബറിൽ കരൂരിൽ നടത്തിയ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ആൾക്കൂട്ട ദുരന്തത്തിൽ 41 പേർ മരിച്ചത് വിജയ്‍ക്കെതിരെ വിമർശമുണ്ടാക്കിയെങ്കിലും അതിനെ എല്ലാം മറികടന്ന് യുവാക്കളുടെയും സ്‍ത്രീകളുടെയും പിന്തുണ നേടാനായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home