എഐഎഡിഎംകെയിൽ നിന്നും പിന്തുണ; വിശ്വാസവോട്ടെടുപ്പിൽ വിജയ് സർക്കാരിന് വിജയം

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കം. നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ വിജയിച്ചു. വോട്ടെടുപ്പിന് തൊട്ടുമുമ്പ് പ്രധാന പ്രതിപക്ഷമായ ഡിഎംകെ സഭയിൽ നിന്ന് ഇറങ്ങിപ്പോയതോടെയാണ് വിജയ് ക്യാമ്പിന് കാര്യങ്ങൾ എളുപ്പമായത്.
ഇതോടെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി വിജയ് ഔദ്യോഗികമായി അധികാരം ഉറപ്പിച്ചു. രാവിലെ സഭ സമ്മേളിച്ചപ്പോൾ മുതൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ രൂക്ഷമായ വാഗ്വാദം നടന്നിരുന്നു.
ഡിഎംകെ അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ച് സഭ വിട്ടതോടെ സഭയിലെ അംഗബലം കുറയുകയും വിജയിക്കാൻ ആവശ്യമായ ഭൂരിപക്ഷം ടിവികെയ്ക്ക് മറികടക്കാൻ സാധിക്കുകയുമായിരുന്നു.
എന്നാൽ എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ സർക്കാരിനെതിരെ വോട്ട് രേഖപ്പെടുത്തി. സിപിഐ എം, സിപിഐ എംഎൽഎമാരും വിജയ്ക്ക് പിന്തുണ നൽകി.
എഐഎഡിഎംകെയിൽ നിന്ന് പിളർന്ന വിഭാഗം വിജയ്ക്ക് പിന്തുണ നൽകിയതോടെ വിജയം അനായാസമായി. ദ്രാവിഡ രാഷ്ട്രീയത്തിലെ രണ്ട് വൻശക്തികളെയും അതിജീവിച്ച് വിജയ് നേടിയ ഈ വിജയം തമിഴ്‌നാട് രാഷ്ട്രീയ ചരിത്രത്തിലെ പുതിയ അധ്യായമായാണ് വിലയിരുത്തപ്പെടുന്നത്.
വോട്ടെടുപ്പ് ഫലം പുറത്തുവന്നതോടെ തമിഴ്‌നാട്ടിലുടനീളം ടിവികെ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. ജനങ്ങളുടെ ക്ഷേമത്തിനാകും മുൻഗണനയെന്നും സുതാര്യമായ ഭരണം ഉറപ്പാക്കുമെന്നും സഭയെ അഭിസംബോധന ചെയ്തുകൊണ്ട് വിജയ് പറഞ്ഞു.










0 comments