തമിഴ്‌നാട്ടിൽ വയോജനങ്ങൾക്കായി 'മുതൽവർ പടൈപ്പകം'; അത്യാധുനിക വയോജനമന്ദിരം ഉദ്‌ഘാടനം ചെയ്ത് എം കെ സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട്ടിൽ വയോജനങ്ങളുടെ ക്ഷേമം മുൻനിർത്തി വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്‌ത് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ചെന്നൈ കൊളത്തൂരിൽ 11.88 കോടി രൂപ ചെലവിൽ നിർമ്മിച്ച അത്യാധുനിക വയോജന മന്ദിരവും അശോക് നഗറിൽ 'മുതൽവർ പടൈപ്പകം' എന്ന പേരിൽ ആധുനിക ലൈബ്രറിയും അദ്ദേഹം നാടിന് സമർപ്പിച്ചു.
കൊളത്തൂരിലെ വയോജന മന്ദിരം 25,500 ചതുരശ്ര അടിയിലാണ് വ്യാപിച്ചുകിടക്കുന്നത്. ഒരേസമയം 75 പേർക്ക് ഇവിടെ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ഫിസിയോതെറാപ്പി, പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ എന്നിവയും ഇവിടെയുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ 60 വയസ്സിന് മുകളിലുള്ളവർക്കാണ് ഇവിടെ മുൻഗണന.
ടിവിഎസ് മോട്ടോഴ്‌സിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചെന്നൈയ്ക്ക് പുറമെ തിരുനെൽവേലിയിലും പളനിയിലും സമാനമായ വയോജന മന്ദിരങ്ങൾ നിർമ്മിക്കുമെന്ന് സ്റ്റാലിൻ അറിയിച്ചു.
ചെന്നൈ മെട്രോപൊളിറ്റൻ ഡെവലപ്‌മെന്റ് അതോറിറ്റി നിർമ്മിച്ച ലൈബ്രറിക്ക് പുറമെ ഒൻപത് മുതൽവർ പടൈപ്പകങ്ങളും സ്പോർട്സ് ഇൻഫ്രാസ്ട്രക്ചറുകളും മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
ചെന്നൈ മേയർ ആർ പ്രിയ, മന്ത്രിമാരായ പി കെ ശേഖർ ബാബു, അൻബിൽ മഹേഷ് പൊയ്യാമൊഴി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തമിഴ്‌നാട്ടിലെ വയോജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് പുതിയ പദ്ധതികൾ.










0 comments