'ഇനിയും ജനങ്ങൾക്കായി പോരാടും'; എം കെ സ്റ്റാലിൻ രാജി സമര്‍പ്പിച്ചു

എം കെ സ്റ്റാലിൻ
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രാജി സമര്‍പ്പിച്ചു. ഔദ്യോഗിക എക്‌സ് ഹാൻഡിലിലൂടെയാണ് സ്റ്റാലിൻ തന്റെ രാജി വിവരം ജനങ്ങളെ അറിയിച്ചത്. പ്രതിപക്ഷത്തിരിക്കുമ്പോഴും ജനങ്ങൾക്കായി പോരാടുമെന്നും ഭരണത്തിലുള്ളപ്പോൾ ജനങ്ങൾക്കായി വികസന പദ്ധതികൾ ആവിഷ്കരിച്ചുവെന്നും സ്റ്റാലിൻ എക്‌സിൽ കുറിച്ചു.
കൊളത്തൂർ മണ്ഡലത്തിലാണ് സ്റ്റാലിൻ പരാജയപ്പെട്ടത്. 2011 മുതൽ തുടർച്ചയായി വിജയിക്കുന്ന കൊളത്തൂർ മണ്ഡലത്തിൽ ടിവികെ സ്ഥാനാർഥിയായ വി എസ് ബാബുവിനോടാണ് എണ്ണായിരത്തിലേറെ വോട്ടിന് സ്റ്റാലിൻ തോറ്റത്. മുൻ ഡിഎംകെ നേതാവും ഒരുകാലത്ത് സ്റ്റാലിന്റെ അടുത്ത അനുയായിയുമായിരുന്നു ബാബു.
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടികൾക്കിടയിലും ജനവിധി അംഗീകരിച്ചുകൊണ്ട് ജനപക്ഷ രാഷ്ട്രീയവുമായി ഡിഎംകെ മുന്നോട്ട് പോകുമെന്ന് പാർട്ടി അധ്യക്ഷൻ എം കെ സ്റ്റാലിൻ പ്രതികരിച്ചിരുന്നു. ശക്തമായ പ്രതിപക്ഷമെന്ന നിലയിൽ ജനങ്ങളുടെ പ്രശ്നങ്ങൾക്കായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ഡിഎംകെ നയിക്കുന്ന മതേതര പുരോഗമന സഖ്യത്തിന് പിന്തുണ നൽകിയ വോട്ടർമാർക്ക് സ്റ്റാലിൻ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തിയിരുന്നു. ഓരോ വോട്ടും അമൂല്യമായ വിശ്വാസത്തിന്റെ അടയാളമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. തമിഴ്നാട്ടിൽ സിറ്റിങ് മുഖ്യമന്ത്രിമാർ തോൽക്കുന്നത് ഇത് നാലാംതവണയാണ്. പി എസ് കുമാരസ്വാമി രാജ, എം ഭക്തവത്സലം, ജയലളിത എന്നിവർ മുഖ്യമന്ത്രിയായിരിക്കെ പരാജയപ്പെട്ടിരുന്നു.











0 comments