Deshabhimani

തമിഴ്നാട്ടിൽ ക്രമസമാധാനം തകരുന്നോ? ദീപാവലി ദിനത്തിൽ കൊല്ലപ്പെട്ടത് പൊലീസുകാരനുൾപ്പെടെ 11 പേർ

tamilnadu 11 people

തമിഴ്നാട് ഡിജിപി മഹേഷ് കുമാർ അഗർവാൾ (ഇടത്)

വെബ് ഡെസ്ക്

Published on Nov 09, 2026, 03:23 PM | 2 min read

ചെന്നൈ: ആഘോഷങ്ങള്‍ക്കിടെ തമിഴ്നാട്ടില്‍ ക്രമസമാധാനത്തെക്കുറിച്ച് ആശങ്കകളുയരുന്നു. ദീപാവലി ദിനത്തിൽ തമിഴ്നാട്ടിലെ വിവിധ ജില്ലകളിലായി, പൊലീസുകാരനുൾപ്പെടെ 11 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നവംബർ എട്ടിന് തിരുച്ചിറപ്പള്ളി, തേനി, കടലൂർ, ശിവഗംഗ, തിരുവള്ളൂർ, ചെന്നൈ, ദിണ്ടിഗൽ, കള്ളക്കുറിച്ചി ജില്ലകളിലാണ് കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തത്. തിരുച്ചിറപ്പള്ളിയിൽ മാത്രം രണ്ട് 17 വയസ്സുകാർ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു. ശിവഗംഗയിൽ രണ്ടുപേരും മറ്റു ജില്ലകളിൽ ഓരോരുത്തരുമാണ് കൊല്ലപ്പെട്ടത്. മുൻവൈരാഗ്യം, മദ്യപാനത്തിനിടെയുണ്ടായ തർക്കങ്ങൾ, പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ എന്നിവയാണ് വിവിധ സംഭവങ്ങൾക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.


തിരുച്ചിറപ്പള്ളിയിലെ സമയപുരത്ത് 17 കാരായ രാഹുലിനെയും ബന്ധുവായ വിശാലിനെയും അജ്ഞാതസംഘം വെട്ടിക്കൊന്നു. സമയപുരം ടോൾ പ്ലാസയ്ക്ക് സമീപം പുള്ളമ്പാടി കനാലിന്റെ കരയിലാണ് ഇരുവരെയും ആക്രമിച്ചത്. മാതാപിതാക്കളെ നഷ്ടപ്പെട്ട രാഹുൽ ബന്ധുക്കൾക്കൊപ്പം താമസിച്ച് കൂലിപ്പണി ചെയ്തുവരികയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് വിശാലിനെ മരിച്ച നിലയിൽ കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ രാഹുലും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു.


തിരുച്ചിറപ്പള്ളിയിലെ പുറത്താക്കുടിയിൽ പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ക്രിസ്റ്റഫർ (20) കൊല്ലപ്പെട്ടു. വീടിന് സമീപം ക്രിസ്റ്റഫറും സുഹൃത്തുക്കളും പടക്കം പൊട്ടിക്കുന്നത് പ്രദേശവാസികളായ ഡൊണാൾട്ടും എഡിസണും എതിർത്തതോടെയാണ് തർക്കമുണ്ടായത്. ഇതിനിടെ ഡൊണാൾട്ട് ടെസ്റ്റർ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ക്രിസ്റ്റഫറിന്റെ നെഞ്ചിൽ കുത്തിയെന്നാണ് പൊലീസ് കേസ്. സംഘർഷം തടയാൻ ശ്രമിച്ച രഞ്ജിത്ത് (26) എന്നയാൾക്കും പരിക്കേറ്റു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ക്രിസ്റ്റഫറിനെ രക്ഷിക്കാനായില്ല.


തേനിയിൽ റോഡ് തടഞ്ഞ് പടക്കം പൊട്ടിക്കുകയും റീൽസ് ചിത്രീകരിക്കുകയും ചെയ്ത സംഘത്തെ ചോദ്യം ചെയ്ത പൊലീസ് സ്പെഷ്യൽ സബ് ഇൻസ്പെക്ടർ സെന്തിൽകുമാറും (56) ആക്രമണത്തിൽ മരിച്ചു. സമധർമപുരത്ത് ഞായറാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. വാഹനങ്ങൾ തടഞ്ഞുനിർത്തി പടക്കം പൊട്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന് സെന്തിൽകുമാർ ആവശ്യപ്പെട്ടത് തർക്കത്തിലേക്ക് നയിക്കുകയായിരുന്നു. നിയമലംഘനം മൊബൈലിൽ ചിത്രീകരിക്കാൻ ശ്രമിച്ചതോടെ സംഘത്തിലുള്ളവർ സെന്തിൽകുമാറിനെ വളഞ്ഞിട്ട് ആക്രമിച്ചു. അടിയേറ്റ് നിലത്തുവീണ് ബോധം നഷ്ടപ്പെട്ട അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.


കടലൂരിൽ മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ പൃഥ്വിരാജ് എന്നയാൾ കൊല്ലപ്പെട്ടു. റെഡ്ഡിച്ചാവടിക്ക് സമീപമായിരുന്നു സംഭവം. ബിയർ കുപ്പി ഉപയോഗിച്ച് പൃഥ്വിരാജിനെ ആക്രമിച്ചെന്നാണ് കേസ്. പ്രതിയായ അരുളരസു സമീപത്തെ കശുമാവിൻതോട്ടത്തിൽ ഒളിച്ചിരിക്കുകയാണെന്ന വിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ കത്തി ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചു. ഒരു സബ് ഇൻസ്പെക്ടർക്ക് പരിക്കേറ്റു. തുടർന്ന് കാലിന് വെടിവെച്ചാണ് പൊലീസ് അരുളരസിനെ പിടികൂടിയത്.


ശിവഗംഗ ജില്ലയിൽ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. മാനാമധുരയിൽ കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ വിഘ്നേശിനെ അജ്ഞാതർ വെട്ടിക്കൊന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് മുനിയാണ്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. കല്ലലിന് സമീപം നവീൻ എന്നയാളും കൊല്ലപ്പെട്ടു. രണ്ട് സംഭവങ്ങളിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


തിരുവള്ളൂർ ജില്ലയിൽ ആന്ധ്ര സ്വദേശിയായ മേഘല (24) കുത്തേറ്റ് മരിച്ചു. സെൻട്രാൻപാളയത്തിന് സമീപമായിരുന്നു സംഭവം. പ്രസാദ് എന്നയാളാണ് യുവതിയെ ആക്രമിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. ഇയാളെ പെണ്ണലൂർപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ വ്യാസർപാടിയിൽ മുൻവൈരാഗ്യത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ ധനുഷ് (18) കൊല്ലപ്പെട്ടു. സഹോദരൻ ചിലമ്പരസനെ ആക്രമിക്കാനെത്തിയ സംഘമാണ് ധനുഷിനെ കൊലപ്പെടുത്തിയത്. സൂര്യയും പിതാവുമടക്കം അഞ്ചുപേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ചിലമ്പരസൻ ഓടിരക്ഷപ്പെട്ടു.


സംസ്ഥാനത്തെ തുടർകൊലപാതകങ്ങൾ തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദത്തിനും കാരണമായി. ക്രമസമാധാനനില തകർന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ രംഗത്തെത്തി. ദീപാവലി ദിനത്തിൽ പടക്കങ്ങളുടെ ശബ്ദത്തെക്കാൾ വെട്ടുകത്തികളുടെ ശബ്ദമാണ് കേട്ടതെന്ന് ഉദയനിധി വിമർശിച്ചു. സാധാരണക്കാർക്കോ അവരെ സംരക്ഷിക്കേണ്ട പൊലീസുകാർക്കോ സുരക്ഷയില്ലാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി വിജയ് ക്രമസമാധാന പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കുകയാണെന്നും ഉദയനിധി കുറ്റപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home