'തഗ് ലൈഫ്' റിലീസിന് സംരക്ഷണം ഒരുക്കണം; കർണാടകയോട് സുപ്രീംകോടതി

ബംഗളൂരു: കമൽഹാസൻ നായകനായ 'തഗ് ലൈഫ്' എന്ന ചിത്രത്തിന്റെ പ്രദർശനം തടസപ്പെടുത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് കർണാടക സർക്കാരിനോട് സുപ്രീംകോടതി. ജസ്റ്റിസുമാരായ ഉജ്ജൽ ഭൂയാൻ, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനത്ത് ചിത്രം പ്രദർശിപ്പിച്ചാൽ തിയേറ്ററുകൾക്ക് മതിയായ സുരക്ഷ ഒരുക്കുമെന്ന് കർണാടക സർക്കാർ ഉറപ്പ് നൽകി. തഗ് ലൈഫ് സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് സമർപ്പിച്ച എല്ലാ ഹർജികളും കോടതി തീർപ്പാക്കി.
കർണാടകയിൽ ചിത്രം റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബംഗളൂരു സ്വദേശി എം മഹേഷ് റെഡ്ഡി സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) സർട്ടിഫിക്കറ്റ് ലഭിച്ചുകഴിഞ്ഞാൽ ഒരു സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്ന് ചൊവ്വാഴ്ച്ച സുപ്രീംകോടതി വിധിച്ചിരുന്നു.
'തഗ് ലൈഫ്' സിനിമയുടെ റിലീസ് സംബന്ധിച്ച് സംസ്ഥാനത്ത് നിലനിൽക്കുന്ന വിവാദത്തിൽ കർണാടക സർക്കാർ സുപ്രീംകോടതിയിൽ മറുപടി നൽകി. ചിത്രത്തിന്റെ റിലീസിന് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും നിർമാതാക്കൾ കർണാടകയിൽ ചിത്രം പ്രദർശിപ്പിക്കാൻ തീരുമാനിച്ചാൽ ആവശ്യമായ സംരക്ഷണം നൽകുമെന്നും കർണാടക സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സിനിമയുടെ റിലീസിന് ഭീഷണിയായി ഉയർന്നുവരുന്ന ഏതൊരു ഘടകവും നിയന്ത്രിക്കണമെന്ന് ബെഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു.
കർണാടകയിലെ തിയേറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് സുപ്രീംകോടതി കർണാടക സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കന്നഡ ഭാഷയെക്കുറിച്ചുള്ള കമൽഹാസന്റെ പരാമർശത്തിൽ മാപ്പ് പറയണമെന്ന ഹൈക്കോടതിയുടെ സമീപകാല നിരീക്ഷണങ്ങളെയും സുപ്രീംകോടതി വിമർശിച്ചു. വിഷയത്തിൽ മാപ്പ് ചോദിക്കേണ്ട ആവശ്യം ഹൈക്കോടതിക്ക് ഇല്ലെന്നും സുപ്രീംകോടതി പറഞ്ഞു.
"തമിഴിൽനിന്നാണ് കന്നഡ ഭാഷ ജന്മം കൊണ്ടതെന്ന' കമൽ ഹാസന്റെ പരാമർശത്തെത്തുടർന്ന് ചില സംഘടനകൾ ഭീഷണി മുഴക്കിയതോടെയാണ് കർണാടകത്തിൽ ചിത്രത്തിന്റെ പ്രദർശനം തടഞ്ഞത്. മാപ്പ് പറയണമെന്ന നിർദേശം കമൽഹാസൻ തള്ളിയിരുന്നു. ജൂൺ അഞ്ചിനാണ് മണിരത്നം സംവിധാനം ചെയ്ത തഗ് ലൈഫ് റിലീസ് ചെയ്തത്.









0 comments