print edition പ്രതിപക്ഷ എംപിമാരുടെ സസ്‌പെൻഷൻ പിൻവലിച്ചു

ന്യൂഡൽഹി : ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തിൽ മോദി സർക്കാരിന് എതിരെ ശക്തമായി പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്‌ത നടപടി പിൻവലിച്ച് ലോക്‌സഭ. ഫെബ്രുവരി മൂന്നിനാണ് സിപിഐ എം എംപി സു വെങ്കടേശനെയും ഏഴ് കോൺഗ്രസ് എംപിമാരെയും സസ്‌പെൻഡ് ചെയ്‌തത്. സമ്മേളനം അവസാനിക്കുന്ന ഏപ്രിൽ രണ്ട് വരെയായിരുന്നു സസ്‌പെൻഷൻ. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിന്റെ ആദ്യദിവസം മുതൽ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്‌ച പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കാനുള്ള പ്രമേയം അവതരിപ്പിച്ചു. ഇത് ശബ്‌ദവോട്ടോടെ പാസാക്കി.
സഭയ്‌ക്കുള്ളിൽ പ്ലക്കാർഡോ പോസ്‌റ്ററോ ഫോട്ടോകളോ നിർമിതബുദ്ധി (എഐ) ദൃശ്യങ്ങളോ പ്രദർശിപ്പിക്കരുതെന്ന് സ്‌പീക്കർ ഓം ബിർള നിർദേശിച്ചു. സഭയുടെ അന്തസ്സിന് കോട്ടമുണ്ടാക്കുന്ന ഒരിടപെടലും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് സമാജ്‌വാദി പാർടി അംഗം ധർമേന്ദ്ര യാദവ് ഉറപ്പുനൽകി. ഭരണപക്ഷഅംഗങ്ങളും സംയമനവും മര്യാദയും പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൻസിപി അംഗം സുപ്രിയ സുലേയും നിർദേശത്തോട് യോജിച്ചു.
കരസേന മുൻ മേധാവി എം എം നരവനേയുടെ ആത്മകഥയിലെ വെളിപ്പെടുത്തലുകളിൽ ചർച്ച അനുവദിക്കാത്തതിനെ തുടർന്നാണ് പ്രതിപക്ഷം ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനം മുതൽ പ്രതിഷേധം കടുപ്പിച്ചത്. തുടർന്നായിരുന്നു സസ്‌പെൻഷൻ നടപടി.









0 comments