ഞങ്ങൾ പറയുന്നതാണ് ചരിത്രം
ഔറംഗസേബിന്റെ ചരിത്ര കാലഘട്ടത്തെ പുകഴ്ത്തിയതിന് മഹാരാഷ്ട്രയിൽ എംഎൽഎയ്‌ക്ക് സസ്പെന്ഷന്

മുംബൈ : മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ഭരണകാല ചരിത്രത്തിലെ നേട്ടങ്ങളെ കുറിച്ച് പറഞ്ഞതിന്റെ പേരിൽ സമാജ്‍വാദി പാര്‍ടി സംസ്ഥാന അധ്യക്ഷന്‍ അബു അസിം ആസ്‌മി എംഎൽഎ യെ മഹാരാഷ്‌ട്ര നിയമസഭയിൽനിന്ന് സസ്‌പെന്‍ഡ്ചെയ്‌തു. ബജറ്റ് സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിലേക്കാണ് മാറ്റിനിർത്തൽ. ബിജെപി സഖ്യത്തിന്റെ ആവശ്യത്തെതുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.
സംഘപരിവാർ പറയുന്ന ചരിത്രത്തിന് അപ്പുറം പറയരുത്
ഔറംഗസേബിന്റെ കാലത്ത് ഇന്ത്യന്‍ അതിര്‍ത്തി അഫ്ഗാനിസ്ഥാനും ബര്‍മയും വരെ വികസിച്ചതായി ചരിത്ര വസ്തുതകൾ ചൂണ്ടി കാട്ടിയ എം എൽ എ. ആ കാലഘട്ടത്തിൽ ഇന്ത്യയുടെ ജിഡിപി ലോക ജിഡിപിയുടെ 24 ശതമാനമായെന്നും വ്യക്തമാക്കിയതാണ് പ്രകോപനം. ഔറംഗസേബും ഛത്രപതി സംബാജിയുമായി നടന്നത് രാഷ്ട്രീയ യുദ്ധമായിരുന്നെന്നും അബു അസിം ആസ്‌മി പറഞ്ഞു. മറാത്ത രാജാവായിരുന്ന ശിവജിയുടെ കഥ പറയുന്ന “ഛാവ’എന്ന സിനിമയെക്കുറിച്ച് പ്രതികരിക്കവെയാണ് അബു ആസ്മി ഔറംഗസേബിനെ കുറിച്ച് പറഞ്ഞത്. ഔറംഗസേബിനെ മതവെറിയനായി ചിത്രീകരിക്കുന്നതാണ് സിനിമ.
പ്രസ്താവന ഛത്രപതി ശിവജിയെയും സംബാജിയെയും അവഹേളിക്കുന്നതാണെന്ന് ആരോപിച്ചാണ് ബിജെപിയും ശിവസേനയും അടക്കമുള്ളവര്‍ രംഗത്ത് എത്തിയത്. ചരിത്രകാരന്മാരും എഴുത്തുകാരും പറഞ്ഞതാണ് താന്‍ ഉദ്ധരിച്ചതെന്നും ആര്‍ക്കെങ്കിലും വിഷമമുണ്ടെങ്കിൽ മാപ്പുചോദിക്കുന്നുവെന്നും ആസ്‌മി പിന്നീട് വിശദമാക്കിയിരുന്നു.
കൊലവിളിയുമായി യോഗി ആദിത്യനാഥ്
എന്നാൽ തങ്ങൾ പറയുന്ന ചരിത്രത്തിന് അപ്പുറമില്ലെന്ന സംഘപരിവാർ ഭീഷണി തുടർന്നു. ആസ്‌മിക്കെതിരെ ഭീഷണിയുമായി യുപി മുഖ്യമന്ത്രി ആദിത്യനാഥ് രംഗത്തെത്തി. "ഔറംഗസേബിനെ ഹീറോയായി കാണുന്നയാള്‍ക്ക് ഇന്ത്യയിൽ ജീവിക്കാന്‍ അവകാശമുണ്ടോ. എസ്‌പിയിൽ നിന്ന് പുറത്താക്കി അയാളെ യുപിയിലേക്ക് അയക്കണം. ബാക്കി ഞങ്ങള്‍ നോക്കിക്കോളാം' –-ആദിത്യനാഥ് ഭീഷണിമുഴക്കി.
ഔറംഗസേബിനെ പുകഴ്‌ത്തുന്നത് മറാഠ ചക്രവര്‍ത്തി ഛത്രപതി ശിവാജിയും മകന്‍ ഛത്രപതി സംബാജിയെയും അപമാനിക്കുന്നതാണെന്ന് ബിജെപി എംഎൽഎമാര്‍ പറഞ്ഞു. സസ്‌പെന്‍ഡ്ചെയ്യാന്‍ ബിജെപി നേതാവും മന്ത്രിയുമായ ചന്ദ്രകാന്ത് പാട്ടീൽ അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെ സഭ പാസാക്കി.
എം എൽ എയുടെ പ്രസ്താവനക്കു പിന്നാലെ ശിവസേനാ എം പി നരേഷ് മാസ്‌കെ അബു ആസ്മിക്കെതിരെ താനെയിലെ വാഗലെ എസ്റ്റേറ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഉടൻ പോലീസ് അദ്ദേഹത്തിനെതിരെ ഗുരുതര വകുപ്പുകള്‍ ചാര്‍ത്തി കേസ് ചാര്‍ജ് ചെയ്തു. ഔറംഗസീബിന്റെ ഖബര്‍ മഹാരാഷ്ട്രയില്‍ നിന്ന് പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് ബി ജെ പി നേതാവും മഹാരാഷ്ട്രയില്‍ നിന്നുള്ള മുന്‍ പാര്‍ലിമെന്റ് അംഗവുമായ റാണയും ഇതോടെ രംഗത്തുവന്നു.
ബിജെപി നേതാവും മഹാരാഷ്‌ട്ര മന്ത്രിയായ ചന്ദ്രകാന്ത് പാട്ടീലാണ് സഭയില്‍ സസ്പെന്‍ഷന് വേണ്ടിയുള്ള പ്രമേയം പാസാക്കിയത്. ഔറംഗസീബിനെ പ്രശംസിക്കുന്നത് ഛത്രപതി ശിവജിയേയും അദ്ദേഹത്തിന്റെ മകന്‍ സാംബാജി മഹാരാജിനെയും അപമാനിക്കുന്നതിന് തുല്ല്യമാണെന്നായിരുന്നു വിശദീകരണം.








0 comments