ഇന്ത്യയിൽ മെറ്റ നീക്കം ചെയ്തത് 54.4 ലക്ഷം അക്കൗണ്ടുകളും പോസ്റ്റുകളും, അധികവും സർക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് പിന്നാലെ

ബെംഗളൂരു:രാജ്യത്ത് ഈ വര്‍ഷം മാത്രം ഫേസ് ബുക്ക്, ഇൻസ്റ്റ മാതൃകമ്പനിയായ മെറ്റ നീക്കം ചെയ്തത് 54.4 ലക്ഷം പോസ്റ്റുകളും അക്കൗണ്ടുകളും. വര്‍ഷത്തിലെ ആദ്യത്തെ ആറുമാസത്തെ കണക്കുള്‍ മാത്രമാണിത്. കഴിഞ്ഞ വര്‍ഷം ഒടുവിലത്തെ ആറുമാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 131 ശതമാനം വർധനവാണ് ഇടപെടലുകളിൽ ഉണ്ടായിരിക്കുന്നത്.
ലോകത്തിൽ തന്നെ ഇത്തരത്തിൽ സര്‍ക്കാര്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പൊതു പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെട്ട വേറെ രാജ്യങ്ങള്‍ അധികമില്ല. ഇന്ത്യക്ക് മുന്നിലുള്ളത് ഇന്തോനേഷ്യ മാത്രമാണ്. ഇന്ത്യയിൽ കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതികരണങ്ങള്‍ വര്ധിക്കയാണ്. അസംതൃപ്തരായ പുതുതലമറയിലെ വലിയ വിഭാഗം സോഷ്യൽ മീഡിയ വഴിയാണ് തങ്ങളുടെ പ്രതിഷേധവും അമര്‍ഷവും പ്രകടമാക്കുന്നത്. ഇതിന്റെ പേരിൽ കോടതി വ്യവഹാര വാർത്തകള്‍ വരെ പൊതു ജനങ്ങള്‍ക്കിടയിൽ നിന്നും മായ്ച്ചു കളയുന്ന പ്രവണതയാണ്.
ഇന്ത്യയിലെ ഐടി നിയമങ്ങളിൽ ഫെബ്രുവരിയിൽ കൊണ്ടു വന്ന ഭേദഗതികളോടെ പോസ്റ്റുകള്‍ നീക്കം ചെയ്യുന്ന പ്രവണത വർധിച്ചു. സർക്കാർ ഏജൻസികൾ നൽകുന്ന നീക്കം ചെയ്യൽ നിർദേശങ്ങളിൽ മൂന്ന് മണിക്കൂറിനുള്ളിൽ പ്ലാറ്റ്ഫോമുകൾ നടപടി സ്വീകരിക്കണമെന്ന വ്യവസ്ഥ പുതിയ നിയമത്തിലുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ ‘സഹയോഗ്’ പോർട്ടൽ വഴി പൊലീസിന് നേരിട്ട് നോട്ടീസുകൾ അയക്കാനുള്ള സൗകര്യവും നിലവിൽ വന്നതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ കൂട്ടമായ ഇടപെടലുകള്‍ ഉണ്ടായി തുടങ്ങിയിരിക്കുന്നത്.
ഫേസ്ബുക്കിൽ 28ലക്ഷത്തോളവും ഇൻസ്റ്റഗ്രാമിൽ 26ലക്ഷത്തോളവും ഉള്ളടക്കങ്ങളാണ് ഈ വര്‍ഷം നിയന്ത്രിക്കപ്പെട്ടത്. ജൂലൈ വരെയുള്ള കണക്ക് മാത്രമാണിത്. ലോകത്തിൽ നിയന്ത്രണങ്ങള്‍ കുറയുമ്പോള്‍ ഇന്ത്യയിൽ വര്ധിക്കയാണ്. 2025-ന്റെ രണ്ടാം പകുതിയിൽ 2.78കോടിയായിരുന്ന ആഗോളതലത്തിലെ ഉള്ളടക്ക നിയന്ത്രണങ്ങൾ. 2026-ന്റെ ആദ്യ പകുതിയിൽ 2.71കോടിയായി നേരിയ തോതിൽ കുറഞ്ഞെു. ഇന്ത്യയിൽ ഇത് നേര് വിപരീതമാണ്.
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം,വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം,ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ,വിവിധ സംസ്ഥാന പൊലീസ് ഏജൻസികൾ എന്നിവയുടെ നിർദേശങ്ങളും ഓട്ടോമേറ്റഡ് /സ്വയംനിയന്ത്രിത സംവിധാനങ്ങളും വഴിയാണ് നടപടികൾ സ്വീകരിച്ചതെന്ന് മെറ്റ വ്യക്തമാക്കുന്നു.
ത്രെഡ്സ്’ പ്ലാറ്റ്ഫോമിലും ഇന്ത്യയിൽ 20,000-ത്തിലധികം ഉള്ളടക്കങ്ങൾ മെറ്റ നീക്കിയിട്ടുണ്ട്. 2022-ന്റെ രണ്ടാം പകുതിയിൽ 1,090ആയിരുന്ന കണക്കുകൾ 2024-ലും 2025-ലും ക്രമേണ വർധിച്ച് 41,400-ൽ എത്തി.
ലൈവ് ലോ കോടതിയിൽ
ഒരിക്കൽ നിരോധിക്കപ്പെട്ട ഉള്ളടക്കത്തിന്റെ തനിപ്പകർപ്പുകൾ (Identical copies) സ്വയമേവ തിരിച്ചറിഞ്ഞ് നീക്കം ചെയ്യുന്നതിനുള്ള ഓട്ടോമേറ്റഡ് സംവിധാനങ്ങളാണ് നിയന്ത്രണങ്ങൾ ഇത്രയധികം കൂടാൻ പ്രധാന കാരണമെന്ന് മെറ്റ വ്യക്തമാക്കുന്നു. രാഷ്ട്രീയ ലക്ഷ്യള് മുൻനിര്‍ത്തിയുള്ള ബ്ലോക്കിങ്ങുകള് കോടതി വ്യവഹാരത്തിലേക്ക് എത്തിയിട്ടുണ്ട്.
സുപ്രീം കോടതി നടപടികളെക്കുറിച്ചുള്ള തങ്ങളുടെ റീലുകൾ മുന്നറിയിപ്പോ കാരണമോ ഇല്ലാതെ ഇൻസ്റ്റാഗ്രാം ഓട്ടോമാറ്റിക്കായി നീക്കം ചെയ്തതിനെതിരെ നിയമ വാർത്താ പോർട്ടലായ ലൈവ് ലോ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്. ഐടി റൂൾ 4(4) പ്രകാരമുള്ള ഓട്ടോമേറ്റഡ് കണ്ടന്റ് ബ്ലോക്കിംഗിനെതിരെയുള്ള ഹർജിയിൽ, 2026 നവംബർ 19-ന് ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനും മെറ്റയ്ക്കും നോട്ടീസ് അയച്ചു. ഈ കേസ് 2027 ജനുവരി 18-ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കുന്നു.
പക്ഷേ മാധ്യമങ്ങള്‍ക്ക് എതിരെയുള്ള ബ്ലോക്കിങ് നടപടികള്‍ തുടരുകയാണ്. ഏത് കാരണത്താലാണ് ഉള്ളടക്കം നീക്കം ചെയ്തതെന്ന് വ്യക്തമാക്കാത്തതും, അപ്പീൽ നൽകാനുള്ള സംവിധാനങ്ങളിലെ കാലതാമസവും ഡിജിറ്റൽ ആവിഷ്കാര സ്വാതന്ത്ര്യത്തിന് വെല്ലുവിളിയാകുന്നുണ്ടെന്ന് ഡിജിറ്റൽ അവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ക്രിമിനൽ കേസുകളെ കുറിച്ചുള്ള സുപ്രധാന വിധി സംബന്ധിച്ച വാര്‍ത്തകള്‍ പോലും ആൽഗോരിതം വഴി വേതിരിച്ച് കൂട്ടമായി നീക്കം ചെയ്ത സംഭവം ഉണ്ടായി.









0 comments