ad
Deshabhimani

റാഗിങ്ങിനെ തുടർന്ന് ജൂനിയർ ഡോക്ടർ ജീവനൊടുക്കി; നാല് പേർക്കെതിരെ കേസ്

surat raggng jr sr dr
വെബ് ഡെസ്ക്

Published on Aug 12, 2026, 07:06 AM | 2 min read

സൂറത്ത്: റാഗിങ്ങിനെ തുടർന്ന് ഒന്നാം വർഷ പിജി വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ നാല് സീനിയർ റസിഡന്റ് ഡോക്ടർമാർക്കെതിരെ കേസെടുത്തു. ഗുജറാത്തിലെ സൂറത്തിലെ സർക്കാർ മെഡിക്കൽ കോളേജിൽ 30 വയസുകാരനായ ഹർഷ് പാണ്ഡ്യ ജീവനൊടുക്കിയ സംഭവത്തിലാണ് നടപടി.


ആ​ഗസ്ത് ഒമ്പതിന് രാവിലെ സർക്കാർ മെഡിക്കൽ കോളേജിന് കീഴിലുള്ള ന്യൂ സിവിൽ ആശുപത്രിയിലെ ഹോസ്റ്റൽ മുറിയിൽ ഹർഷ് പാണ്ഡ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ രണ്ടാം വർഷ പിജി വിദ്യാർഥികളായ നിരാലി വാസവെ, അനൂജ് മഹേശ്വരി, ദീക്ഷിത ഘേവാരിയ, ഹിന ഭട്ട് എന്നിവർക്കെതിരെയാണ് ഖതോദര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.


സ്ഥാപനത്തിലെ റാഗിങ് വിരുദ്ധ സമിതി നടത്തിയ അന്വേഷണത്തിൽ നാല് പേരും പത്ത് ഒന്നാംവർഷ വിദ്യാർഥികളെ ഉപദ്രവിച്ചതായി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് നാല് പേരെയും ആറ് മാസത്തേക്ക് കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.


ജൂനിയർ വിദ്യാർഥികൾക്ക് സീനിയർ റസിഡന്റ് ഡോക്ടർമാർ ജോലികൾ ഏൽപ്പിക്കാൻ പാടില്ലെന്ന ചട്ടം നിലനിൽക്കെയാണ് ഇവർ ഒന്നാം വർഷ വിദ്യാർഥികളെ നിരന്തരം ഉപദ്രവിച്ചതെന്നാണ് പരാതി.


ജൂനിയർ വിദ്യാർഥികളെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായും, ഇവർ ജോലി ചെയ്യുന്നില്ലെന്ന് ആരോപിച്ച് അധ്യാപകർക്ക് മുന്നിൽ വ്യാജപരാതികൾ നൽകിയതായും പൊലീസ് പരാതിയിൽ പറയുന്നു.


ആ​ഗസ്ത് അഞ്ചിന് വാട്‌സാപ്പ് സന്ദേശങ്ങളിലൂടെ ഒന്നാം വർഷ വിദ്യാർഥികളെ മൈക്രോബയോളജി വിഭാഗത്തിലെ സെറോളജി ലാബിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് രണ്ട് മണിക്കൂറോളം ഇവരെ അനധികൃതമായി തടഞ്ഞുവെച്ച് മാനസികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായും പരാതിയിലുണ്ട്.


'സീനിയർ വിദ്യാർഥികൾ ഒന്നാം വർഷ റസിഡന്റ് ഡോക്ടർമാർക്ക് ജോലികൾ ഏൽപ്പിക്കാൻ പാടില്ല' എന്ന ചട്ടം നിലനിൽക്കെയാണ് സംഭവങ്ങൾ നടന്നതെന്ന് സർക്കാർ മെഡിക്കൽ കോളേജ് ഡീൻ ഡോ. ജയേഷ് ബ്രഹ്മഭട്ട് പറഞ്ഞു.


റാഗിങ് സംഭവത്തിൽ ശാരീരികമായി ഉപദ്രവിച്ചതിന് തെളിവില്ലെന്നും ഹർഷ് പാണ്ഡ്യയുടെ മരണത്തിന് ശാരീരിക പീഡനമാണ് കാരണമെന്ന് തെളിയിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും റാഗിങ് വിരുദ്ധ സമിതി വ്യക്തമാക്കിയിട്ടുണ്ട്.


സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി ഞായറാഴ്ച പ്രത്യേക ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. മൈക്രോബയോളജി വിഭാഗം മേധാവി ഡോ. സുമയ്യ മുല്ല, അധ്യാപകരായ ഡോ. സംഗീത രാജ്‌ദെ, ഡോ. യോഗിത മിസ്ത്രി, ഡോ. ലതിക പുരോഹിത് എന്നിവർക്ക് സമിതി കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.


ഞായറാഴ്ച രാത്രി 8.30ന് ആരംഭിച്ച റാഗിങ് വിരുദ്ധ സമിതിയുടെ യോഗം തിങ്കളാഴ്ച പുലർച്ചെ നാലുവരെ നീണ്ടു. ഒന്നാം വർഷത്തെ ഒമ്പത് റസിഡന്റ് ഡോക്ടർമാരും മരിച്ച ഹർഷ് പാണ്ഡ്യയുടെ പിതാവും നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ സീനിയർ റസിഡന്റ് ഡോക്ടർമാർ, അധ്യാപകർ, ടെക്നീഷ്യൻമാർ, ശുചീകരണ ജീവനക്കാർ എന്നിവരുടെ മൊഴികളും സമിതി രേഖപ്പെടുത്തി.


സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ നാല് വിദ്യാർഥികൾക്കെതിരെ തുടർ നിയമനടപടികൾ സ്വീകരിക്കുന്നതിനായാണ് ഖതോദര പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് ഡീൻ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home