തെറ്റായ സിബിൽ രേഖ തിരുത്തണം: എച്ച്‌ഡിഎഫ്‌സി ബാങ്കിന് ഉപഭോക്തൃ കമീഷന്റെ ഉത്തരവ്

കൊല്ലം: പൂർണമായി അടച്ചുതീർത്ത വായ്പയുടെ പേരിൽ വർഷങ്ങളോളം കുടിശ്ശികക്കാരനായി രേഖപ്പെടുത്തി സിബിൽ സ്കോർ കുറച്ച സംഭവത്തിൽ 30 ദിവസത്തിനകം രേഖകൾ തിരുത്തി നൽകാൻ എച്ച്‌ഡിഎഫ്‌സി ബാങ്കിന് ജില്ലാ ഉപഭോക്തൃ കമീഷന്റെ ഉത്തരവ്. പരാതിക്കാരന് 50,000 രൂപ നഷ്ടപരിഹാരവും നൽകണം. മുഖത്തല ആലുംമൂട് സ്വദേശി ഐസക് ഇട്ടിച്ചെറിയ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കമീഷൻ പ്രസിഡന്റ് എസ് കെ ശ്രീലയും അംഗം സ്റ്റാൻലി ഹാരോൾഡും ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. ബിസിനസ് ആവശ്യത്തിനായി 2007-ൽ സെഞ്ചൂറിയൻ ബാങ്കിൽനിന്ന് ടൂവീലർ വാങ്ങുന്നതിനായി ഐസക് വായ്പ എടുത്തിരുന്നു. വായ്പ തിരിച്ചടവിനായി ഭാര്യയും ഗ്യാരന്ററുമായ ബീന പണിക്കരുടെ 1725 വീതമുള്ള ചെക്കുകളും ബാങ്കിന് കൈമാറി.
എന്നാൽ, 2008-ൽ ഗ്യാരന്റിയായി നൽകിയ രണ്ട് ചെക്ക് നഷ്ടപ്പെട്ടതായി ബാങ്ക് അധികൃതർ അറിയിച്ചതിനെ തുടർന്ന് ആ രണ്ടുതവണകളുടെ തുക പണമായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ബാങ്ക് അധികൃതരുടെ നിർദേശപ്രകാരം തുക പണമായി അടയ്ക്കുകയും തുടർന്ന് 2009-ൽ വായ്പ പൂർണമായും അടച്ചുതീർത്ത് അക്കൗണ്ട് ക്ലോസ് ചെയ്തു. 2023-ൽ ബിസിനസ് ആവശ്യത്തിനായി പഞ്ചാബ് ആൻഡ് സിൻഡ് ബാങ്കി-നെ സമീപിച്ചപ്പോൾ കുറഞ്ഞ സിബിൽ സ്കോർ ചൂണ്ടിക്കാട്ടി വായ്പ അനുവദിച്ചില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 2009-ൽ അടച്ചുതീർത്ത വായ്പയിൽ കുടിശ്ശിക ഉണ്ടായിരുന്നതായി സെഞ്ചൂറിയൻ ബാങ്കിന്റെ പിൻഗാമിയായ എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് വിവര ഏജൻസിയായ ട്രാൻസ് യൂണിയൻ സിബിലിന് റിപ്പോർട്ട് ചെയ്തതായി അറിഞ്ഞത്.ബാങ്ക് അധികൃതരെ സമീപിച്ചെങ്കിലും പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിക്കാതിരുന്നതിനെ തുടർന്ന് ജില്ലാ ഉപഭോക്തൃ കമീഷനെ സമീപിക്കുകയായിരുന്നു. കേസിൽ വിധിയുടെ പകർപ്പ് ലഭിച്ച് 30 ദിവസത്തിനകം രേഖകൾ ഭേദഗതി ചെയ്ത്, വിവരം ട്രാൻസ് യൂണിയൻ സിബിലിന് നൽകണമെന്നും കമീഷൻ നിർദേശിച്ചു. പരാതിക്കാരനുവേണ്ടി അഭിഭാഷകരായ മനോജ് ശ്രീധർ, സാജൻ സേവ്യർ, ടി കെ ജയകുമാരി, ദേവലക്ഷ്മി മനോജ്, സൂര്യ രാജ് എന്നിവർ ഹാജരായി.










0 comments