കാവേരി തർക്കം; ഉത്തരവ് ശരിവെച്ചു, കർണാടക തമിഴ്നാടിന് ജലം നൽകണം

ന്യൂഡൽഹി : തമിഴ്‌നാടിന് പ്രതിദിനം 12,000 ഘനയടി കാവേരി ജലം വിട്ടുനൽകാൻ കർണാടകയോട് നിർദേശിച്ച കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെ തീരുമാനം ശരിവെച്ച് കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റി. ചൊവ്വാഴ്ച ഡൽഹിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം ശരിവെച്ചത്. ബുധനാഴ്ച മുതൽ അടുത്ത 15 ദിവസത്തേക്ക് തമിഴ്നാടിന് കർണാടക ജലം വിട്ടുനൽകണം.
സംസ്ഥാനത്തെ ജലലഭ്യത കൃത്യമായി വിലയിരുത്തിയ ശേഷമേ തുടർനടപടികളിൽ തീരുമാനമെടുക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ പ്രതികരിച്ചു. അതോറിറ്റിയുടെ തീരുമാനത്തെ മാനിക്കുന്നതിനൊപ്പം സംസ്ഥാനത്തെ കർകഷകരുടെ താല്പര്യങ്ങൾ സംരക്ഷിക്കണമെന്ന നിലപാടിലാണ് കർണാടക സർക്കാർ.
അണക്കെട്ടുകളിലെ ജലനിരപ്പ്, നീരൊഴുക്ക്, അടുത്ത ഏഴ് ദിവസത്തെ കാലാവസ്ഥ പ്രവചനം എന്നിവ പരിഗണിച്ച ശേഷമാണ് അതോറിറ്റി ഈ തീരുമാനത്തിലെത്തിയതെന്ന് സിഡബ്ല്യുഎംഎ അധ്യക്ഷൻ സൗമിത്ര കുമാർ ഹൽദാർ വ്യക്തമാക്കി. ഉത്തരവ് പാലിക്കാൻ കർണാടകയ്ക്ക് നിലവിൽ അനുകൂല സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കാവേരി നദീതീരത്ത് കടുത്ത ജലക്ഷാമം നേരിടുകയാണെന്ന് കർണാടക അതോറിറ്റിയെ അറിയിച്ചിരുന്നു. കാവേരിയിലെ നാല് അണക്കെട്ടുകളിലുമായി ഈ വർഷം ആകെ 77.746 ടിഎംസി വെള്ളം മാത്രമാണ് ഒഴുകിയെത്തിയത്. ഇത് 30 വർഷത്തെ ശരാശരിയേക്കാൾ 47 ശതമാനം കുറവാണെന്നും സംസ്ഥാനം വ്യക്തമാക്കിയിരുന്നു. കൂടാതെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് അതിവേഗം കുറയുകയാണെന്നും പറഞ്ഞിരുന്നു. എന്നാൽ കർണാടക സർക്കാരിന്റെ എല്ലാ വാദങ്ങളെയും തള്ളിയാണ് അതോറിറ്റി തീരുമാനമെടുത്തിരിക്കുന്നത്.
തമിഴ്നാട് മികച്ച നിലയിലാണെന്നാണ് കർണാടകയുടെ വാദം. അണക്കെട്ടുകളിൽ ആവശ്യത്തിന് വെള്ളമുണ്ടെന്നും, വടക്കുകിഴക്കൻ കാലവർഷത്തിന്റെ നീരൊഴുക്കും അവർക്ക് ലഭിക്കുമെന്നും കർണാടക പറഞ്ഞു. അതേസമയം ആഗസ്ത് അവസാനത്തോടെ ബിലിഗുണ്ട്ലുവിൽ നിന്ന് 37 ടിഎംസി അടി വെള്ളം പുറത്തുവിടുന്നത് ഉറപ്പാക്കാൻ കർണാടകയോട് നിർദേശിക്കണമെന്ന് തമിഴ്‌നാട് സിഡബ്ല്യുഎംഎയോട് അഭ്യർത്ഥിച്ചു.









0 comments