മന്ത്രി ജനീഷും നുണ പറയുന്നു; എംഡിഎംഎ കേസ് പ്രതി യൂത്ത് കോൺഗ്രസ് നേതാവ് തന്നെ

വി ഡി സതീശനൊപ്പം എംഡിഎംഎ കേസ് പ്രതി മുഹമ്മദ് ഹുസൈൻ, ഒ ജെ ജനീഷ്
കൊച്ചി: കാസർകോട് എംഡിഎംഎ കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ മുഹമ്മദ് ഹുസൈൻ യൂത്ത് കോൺഗ്രസ് നേതാവല്ലെന്ന, സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ ഒ ജെ ജനീഷിന്‍റെ വാദം പൊളിഞ്ഞു. ഹുസൈൻ യൂത്ത് കോൺഗ്രസ് ഭാരവാഹിയായിരുന്നുവെന്ന് എറണാകുളം ജില്ലാ കമ്മിറ്റി സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാന അധ്യക്ഷന്റെ നുണ പൊളിഞ്ഞത്. മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ ആയ വ്യക്തിയാണ് ഇപ്പോൾ അറസ്റ്റിലായ ഹുസൈൻ. അറക്കപ്പടി വലിയകുളം യൂണിറ്റ് ഭാരവാഹിയായിരുന്ന ഹുസൈനെ സംഘടനയിൽനിന്ന് പുറത്താക്കിയതായും ജില്ലാ കമ്മിറ്റി അറിയിച്ചു.
കാസർകോട് എംഡിഎംഎ കേസിൽ ഹുസൈൻ അറസ്റ്റിലായതിന് പിന്നാലെയാണ് ഇയാൾ യൂത്ത് കോൺഗ്രസ് ഭാരവാഹി അല്ലെന്ന് ഒ ജെ ജെനീഷ് ന്യായീകരിച്ചത്. എന്നാൽ ഹുസൈൻ യൂത്ത് കോൺഗ്രസിന്റെ യൂണിറ്റ് ഭാരവാഹിയായിരുന്നുവെന്ന്, ഇയാളെ പുറത്താക്കിക്കൊണ്ടുള്ള എറണാകുളം ജില്ലാ കമ്മിറ്റിയുടെ വിശദീകരണം വ്യക്തമാക്കുന്നു.
ഹുസൈനെ സംഘടനയിൽനിന്ന് പുറത്താക്കിയതായി ജില്ലാ കമ്മിറ്റി പത്രക്കുറിപ്പും പുറത്തിറക്കി. അറസ്റ്റിലായ ഒൻപതാം തീയതി തന്നെ നടപടിയെടുത്തതായാണ് പത്രക്കുറിപ്പിൽ പറയുന്നത്. ഇതോടെ അറസ്റ്റിന് പിന്നാലെ സംഘടനാ ബന്ധം നിഷേധിച്ച സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം ചോദ്യം ചെയ്യപ്പെടുകയാണ്.
അറസ്റ്റിലായവരെ അറിയില്ലെന്നായിരുന്നു നേരത്തെ ഡിസിസി നേതൃത്വത്തിന്റെ നിലപാട്. എന്നാൽ ഹുസൈൻ യൂത്ത് കോൺഗ്രസ് ഭാരവാഹിയായിരുന്നുവെന്ന് ജില്ലാ കമ്മിറ്റി തന്നെ വ്യക്തമാക്കിയതോടെ കോൺഗ്രസ് നേതൃത്വത്തിന്റെ പരസ്പരവിരുദ്ധമായ വിശദീകരണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഹുസൈനെ പുറത്താക്കിയത് മുഖ്യമന്ത്രിയുമായുള്ള ഇയാളുടെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള പ്രതിയുടെ നിരവധി ഫോട്ടുകളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതോടെ ലഹരിക്കേസിലെ പ്രതിയുമായുള്ള രാഷ്ട്രീയ ബന്ധം സംബന്ധിച്ച കോൺഗ്രസ് നേതൃത്വത്തിന്റെ വിശദീകരണങ്ങളും കൂടുതൽ ചർച്ചയാകുകയാണ്.
കേസിലെ മറ്റ് പ്രതികൾക്കെതിരെയും വിവിധ കേസുകൾ നിലവിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. നാലാം പ്രതിയായ സൈനുൽ ആബിദീനെതിരെ കണ്ണൂരിലും കോഴിക്കോടും കേസുകളുണ്ടെന്നും തട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പ്രതികൾ സൈബർ തട്ടിപ്പിലും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.









0 comments