ഹെൽത്ത് ഇൻസ്പെക്ടർ ദീപലേഖയുടെ മരണം; എൻജിഒ യൂണിയൻ ആരോഗ്യമന്ത്രിക്ക് പരാതി നൽകും

തിരുവനന്തപുരം : കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖ മരിച്ച സംഭവത്തിൽ എൻജിഒ യൂണിയൻ ഇന്ന് ആരോഗ്യ മന്ത്രിക്ക് പരാതി നൽകും. മാനുഷിക പരിഗണന പോലും നൽകാതെയാണ് ദീപ ലേഖയെ സ്ഥലം മാറ്റിയത്. പഞ്ചായത്ത് ഓഫീസിലെത്തിയ ദീപലേഖ ആരോഗ്യ സ്ഥിരം സമിതി ചെയർമാനോട് സ്ഥലം മാറ്റത്തെ കുറിച്ച് സംസാരിക്കവെയാണ് കുഴഞ്ഞുവീണ് മരിച്ചത്. മട്ടന്നൂരിലേക്കായിരുന്നു ആദ്യം ട്രാൻസ്‌ഫർ. അപ്പീൽ നൽകിയപ്പോൾ പിണറായിയിലേക്കായി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പിണറായിയിലേക്ക് സ്ഥലം മാറ്റിയുള്ള ഉത്തരവ് ലഭിച്ചത്.
ഒന്നിനുപിറകെ ഒന്നായുള്ള സ്ഥലംമാറ്റ ഉത്തരവുണ്ടാക്കിയ മാനസിക സംഘർഷമാണ് ദീപലേഖയെ മരണത്തിലേക്ക് നയിച്ചത്. ഡിഎംഒയെ നേരിൽ കണ്ട് ചികിത്സാ രേഖകളും കാലിലെ പരിക്കും ഉൾപ്പെടെ കാണിച്ച് അപ്പീൽ നൽകിയതിനാൽ സ്ഥലംമാറ്റം ഒഴിവാകുമെന്ന പ്രതീക്ഷയിലായിരുന്നു. മരണകാരണം പക്ഷാഘാതമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ദീപലേഖയെ മരണത്തിലേക്ക് തള്ളിവിട്ട മനുഷ്യത്വരഹിതമായ നടപടിക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
ആറ് മാസം മുമ്പാണ് എൻജിഒ യൂണിയൻ പ്രവർത്തക കൂടിയായ ദീപലേഖ ചൊക്ലിയിലെത്തിയത്. രണ്ടാഴ്ച മുമ്പ് മട്ടന്നൂരിലേക്ക് മാറ്റി ഉത്തരവ് ഇറങ്ങിയിരുന്നു. വാഹനാപകടത്തെ തുടർന്നുണ്ടായ പരിക്ക് ചൂണ്ടിക്കാട്ടിയതോടെ ആദ്യ ഉത്തരവ് റദ്ദാക്കിയെങ്കിലും പിന്നീട് പിണറായിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.
യുഡിഎഫ് അധികാരത്തിലേറി മൂന്നു മാസത്തിനകം പ്രതികാര നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയത് ഇരുപതിനായിരത്തിലേറെ ജീവനക്കാരെയാണ്. അപ്രതീക്ഷിതമായ സ്ഥലം മാറ്റം പല ജീവനക്കാർക്കും മാനസിക സമ്മർദം ഉണ്ടാക്കുന്നുണ്ട്. ദൂരസ്ഥലങ്ങളിലേക്കാണ് പലരേയം സ്ഥലംമാറ്റുന്നത്. തെരഞ്ഞെടുപ്പിൽ ജയിച്ച് സത്യപ്രതിജ്ഞയ്‌ക്ക് മുമ്പുതന്നെ യുഡിഎഫ് സർക്കാർ പ്രതികാര നടപടി തുടങ്ങി. ഭരണകക്ഷി സംഘടനയായ എൻജിഒ അസോസിയേഷന്റെ പിന്തുണയോടെയാണ് ഈ സ്ഥലംമാറ്റലുകൾ നടക്കുന്നത്.










0 comments