മുംബൈയിൽ കെട്ടിടത്തിൽ തീപിടിത്തം; രണ്ടര വയസുകാരനടക്കം രണ്ട് മരണം, ആറുപേർക്ക് പരിക്ക്

മുംബൈ: മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ച് രണ്ടര വയസുകാരനടക്കം രണ്ട് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മുംബൈ വിലെ പാർലെ വെസ്റ്റിൽ 12 നില കെട്ടിടത്തിന്റെ 11-ാം നിലയിലാണ് തീപിടിത്തമുണ്ടായത്.
ചൊവ്വാഴ്ച രാത്രി 10.02ഓടെയാണ് മുംബൈ ഫയർ ബ്രിഗേഡിന് തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഏകദേശം 4,000 ചതുരശ്ര അടി വിസ്തൃതിയിലായിരുന്നു തീ പടർന്നത്. വൈദ്യുതി വയറിങ്ങും അനുബന്ധ സംവിധാനങ്ങളും എസി യൂണിറ്റും വീട്ടുപകരണങ്ങളും സോഫയും കിടക്കയും ഫാൾസ് സീലിങ്ങും അടുക്കള ഉപകരണങ്ങളും തീപിടിത്തത്തിൽ കത്തി നശിച്ചു.
രാത്രി 10.08ന് തീപിടിത്തം ലെവൽ ഒന്നായും 10.16ന് ലെവൽ രണ്ടായും പ്രഖ്യാപിച്ചു. അഗ്നിരക്ഷാസേനയുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പുലർച്ചെ ഒന്നോടെയാണ് തീ പൂർണമായും അണച്ചത്.
പരിക്കേറ്റ എട്ട് പേരിൽ രണ്ടുപേരെ കൂപ്പർ ആശുപത്രിയിലും ആറുപേരെ നാനാവതി ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. നിസാര പരിക്കുകളോടെ കൂപ്പർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 30കാരനായ അഗ്നിരക്ഷാസേനാംഗം മനോജ് സോനവാനെയും 29കാരനായ ശിവം ദ്വിവേദിയെയും ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.
നാനാവതി ആശുപത്രിയിൽ എത്തിച്ച രണ്ടര വയസുകാരൻ അബീറും 23കാരിയായ അങ്കിതയും മരിച്ചിരുന്നു. പരിക്കേറ്റ പാർഥ് (32), ഹിരൺ (64), യശസ്വി (33), അഭിഷേക് എന്നിവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. യശസ്വിയെയും അഭിഷേകിനെയും ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽനിന്ന് വിട്ടയച്ചു.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.










0 comments