ad
Deshabhimani

'ഭാര്യയും വീട്ടുകാരും ക്രൂരമായി പീഡിപ്പിക്കുന്നു'; ദയാവധം ആവശ്യപ്പെട്ട് പരാതി

Depression Suicide

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 30, 2026, 07:48 PM | 1 min read

സൂറത്ത്: കുടുംബപരമായ തർക്കങ്ങളെത്തുടർന്ന് തനിക്ക് ദയാവധത്തിന് അനുമതി നൽകണമെന്ന ആവശ്യവുമായി യുവാവ്. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ ബാബുഭായ് പട്ടേലാണ് ഭാര്യയുടെയും ഭാര്യവീട്ടുകാരുടെയും പീഡനം സഹിക്കവയ്യാതെ ജീവനൊടുക്കാൻ അനുവാദം ചോദിച്ച് ജില്ലാ ഭരണകൂടത്തിന് പരാതി നൽകിയത്. ഒന്നുകിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അല്ലെങ്കിൽ തനിക്ക് ദയാവധം ഉറപ്പാക്കണമെന്നുമാണ് ഇയാളുടെ ആവശ്യം.


തന്റെ നാലാം ഭാര്യയായ മോണിക്ക ചൗഹാൻ, ഭാര്യാമാതാവ് താരാബെൻ, ഭാര്യാ സഹോദരൻ ദീപക് ചൗഹാൻ എന്നിവർ ചേർന്ന് വ്യാജക്കേസുകളിൽ കുടുക്കി പീഡിപ്പിക്കുകയാണെന്ന് ബാബുഭായ് ആരോപിക്കുന്നു. വിവാഹമോചന ഒത്തുതീർപ്പിനായി ഇവർ വൻതുക ആവശ്യപ്പെടുന്നതായും ഇയാൾ പറയുന്നു. കൂടാതെ, തന്റെ ആദ്യ വിവാഹത്തിലുള്ള പന്ത്രണ്ടുകാരനായ മകനെ മോണിക്ക കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായും പരാതിയിലുണ്ട്.


വധശ്രമത്തിനെതിരെ മുൻപ് പൊലീസിൽ പരാതി നൽകിയിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെന്ന് ബാബുഭായ് പറയുന്നു. പിന്നീട് കലക്ടർ ഓഫീസിൽ നേരിട്ടെത്തി പരാതി നൽകിയപ്പോൾ നടപടിയുണ്ടാകുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയെങ്കിലും തുടർനടപടികൾ ഒന്നും തന്നെ ഉണ്ടായില്ല. താൻ ഒരു പുരുഷനായതുകൊണ്ടാണ് പൊലീസ് തന്റെ പരാതികൾ അവഗണിക്കുന്നതെന്നും ഇയാൾ ആരോപിക്കുന്നു.


അതേസമയം, ഇരുവരും തമ്മിലുള്ള ദാമ്പത്യപ്രശ്നങ്ങൾ പരിഹരിക്കാൻ മുൻപ് പലതവണ അനുരഞ്ജന ചർച്ചകൾ നടത്തിയിരുന്നതായി പ്രാദേശിക പൊലീസ് വ്യക്തമാക്കി. നിലവിൽ മോണിക്ക സ്വന്തം വീട്ടിലാണ് താമസം. ഭർത്താവിനും കുടുംബത്തിനുമെതിരെ ഗാർഹിക പീഡനത്തിന് കേസ് നൽകിയ ഇവർ, ജീവനാംശത്തിനായി കോടതിയെയും സമീപിച്ചിട്ടുണ്ട്.


തന്റെ പരാതികളിൽ അടുത്ത മൂന്ന് ദിവസത്തിനകം ജില്ലാ ഭരണകൂടം ഇടപെട്ട് അനുകൂലമായ പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പും ബാബുഭായ് നൽകിയിട്ടുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home