സൂറത്തിലെ പ്രമുഖ കെട്ടിട നിർമാതാവിന്റെ ആത്മഹത്യ: ബിസിനസ് പങ്കാളി അറസ്റ്റിൽ

തുഷാർ ഗെലാനി, പൂനം ഭദോറിയ
സൂറത്ത്: സൂറത്തിലെ പ്രമുഖ കെട്ടിട നിർമാതാവ് തുഷാർ ഗെലാനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൻ്റെ ബിസിനസ് പങ്കാളിയായ പൂനം ഭദോറിയ അറസ്റ്റിൽ. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. ജനുവരി 31-ന് സ്വന്തം റിവോൾവർ ഉപയോഗിച്ച് വെടിയുതിർത്ത തുഷാർ ഗെലാനി, ഫെബ്രുവരി 5-ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കഴിഞ്ഞ 15 വർഷമായി തുഷാർ ഗെലാനിയും പൂനം ഭദോറിയയും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മകൾ പൊലീസിനെ അറിയിച്ചു. എന്നാൽ ഈ ബന്ധം പിന്നീട് വലിയ സാമ്പത്തിക-മാനസിക സമ്മർദ്ദങ്ങൾക്ക് കാരണമായെന്നാണ് കുടുംബം ആരോപിക്കുന്നത്. തുഷാർ ഗെലാനിയുടെ ഉടമസ്ഥതയിലുള്ള 'ബ്ലൂ പാപ്പിലോൺ പ്രീ-പ്രൈമറി സ്കൂളിൽ' യാതൊരു നിക്ഷേപവുമില്ലാതെ ഭീഷണിയിലൂടെ പൂനം 50 ശതമാനം ഓഹരി കൈക്കലാക്കിയെന്നും മാനേജിംഗ് പാർട്ണറായി പ്രവർത്തിച്ചുവെന്നും കുടുംബം പരാതിയിൽ പറയുന്നു.
2018 മുതൽ 2024 വരെയുള്ള കാലയളവിൽ ശമ്പളമായും മറ്റ് ആനുകൂല്യങ്ങളായും ഏകദേശം 1.37 കോടി രൂപ ഇവർ കൈപ്പറ്റിയതായും ആരോപണമുണ്ട്. കൂടാതെ, ജോളി ആർക്കേഡിലെ രണ്ട് കടകൾ ബാങ്ക് ഇടപാടുകൾ ഒന്നുമില്ലാതെ ഏകദേശം 1.06 കോടി രൂപയ്ക്ക് സ്വന്തം പേരിലേക്ക് മാറ്റിയതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ഫെബ്രുവരി 5-നായിരുന്നു തുഷാർ ഗെലാനിയുടെ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹദിവസം അവിടെയെത്തി ബഹളമുണ്ടാക്കുമെന്നും കുടുംബത്തെ പരസ്യമായി അപമാനിക്കുമെന്നും ജനുവരി 31-ന് പൂനം ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിക്കുന്നു. നേരത്തെ 2025 ജൂലൈയിൽ ശല്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട മക്കളോട് തുഷാറിന്റെ സ്വത്തുക്കളുടെ പകുതി ഓഹരി വേണമെന്ന് പൂനം ആവശ്യപ്പെട്ടിരുന്നതായും പരാതിയിലുണ്ട്.
മാനസികവും സാമ്പത്തികവുമായ കടുത്ത സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് എസിപി സെഡ് ആർ ദേശായി പറഞ്ഞു. സ്കൂളിലെയും വസ്തുവകകളിലെയും രേഖകളിൽ സംശയാസ്പദമായ നിരവധി ഇടപാടുകൾ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, തുഷാർ ഗെലാനിയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് പൂനം ഭദോറിയയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കുടുംബത്തിനെതിരെ ഇവർ ഉന്നയിച്ച ആരോപണങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണ്.










0 comments