print edition യുവജനരോഷം മനസ്സിലാക്കി അവരെ കേൾക്കണം

സുപ്രീംകോടതി
ന്യൂഡൽഹി : യുവജനങ്ങളുടെ രോഷം മനസിലാക്കി അവർക്ക് പറയാനുള്ളത് കേൾക്കണമെന്ന് സുപ്രീംകോടതി. ജന്തർമന്തർ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന പാർലമെന്റ് മാർച്ചിലുണ്ടായ സംഘർഷത്തിൽ സംഘാടകർക്കെതിരെ നടപടിയാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയോട് വിയോജിച്ചാണ് ചീഫ് ജസ്‌റ്റിസ് സൂര്യകാന്തിന്റെ മൂന്നംഗ ബെഞ്ചിന്റെ നിരീക്ഷണം. യുവജനങ്ങൾ സംഘർഷത്തിലേക്ക് നീങ്ങുന്നത് ഒഴിവാക്കാൻ ശ്രദ്ധാപൂർവം പ്രവർത്തിക്കണം. അവരെ ഉപദേശിക്കുകയും സമാധാനിപ്പിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും നല്ല മാർഗം.
ഏറ്റവും ശക്തമായ മാർഗം അവരെ കേൾക്കുക എന്നതാണ്. അവരെ ശ്രദ്ധിക്കുകയും അവർ എന്തിനാണ് രോഷം പ്രകടിപ്പിക്കുന്നതെന്ന് മനസ്സിലാക്കുകയും ചെയ്യണം. സർക്കാരിന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാൽ അനാവശ്യ സംഘർഷത്തിലേയ്‌ക്ക് പോകും. അത് ഒഴിവാക്കണമെന്നും ചീഫ് ജസ്‌റ്റിസ് പറഞ്ഞു.
പ്രക്ഷോഭകർക്കെതിരെയുള്ള കേസ് പിൻവലിക്കരുതെന്നും അങ്ങനെ ചെയ്‌താൽ ഭാവിയിൽ ജെൻ ആൽഫകളും ബീറ്റകളും ജെൻസികൾക്ക് സമാനമായ പ്രക്ഷോഭം നടത്തുമെന്നും കാണിച്ച് റിട്ട. വ്യോമസേന ഉദ്യോഗസ്ഥനാണ് ഹർജി നൽകിയത്. കർഷകർ ശംഭു അതിർത്തി വരെ എത്തി. ഭാവിയിൽ പാർലമെന്റിലേക്ക് പലരും ഇങ്ങനെ മാർച്ച് നടത്തും. പ്രായപൂർത്തിയാകാത്ത പ്രക്ഷോഭകരെ നിർബന്ധിത സാമൂഹ്യ സേവനത്തിന് അയക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. എന്നാൽ, സിജെപി നേതാക്കൾക്കെതിരെയുള്ള ഉത്തരവിന് വിസമ്മതിച്ച ബെഞ്ച്, വിഷയം സമാന ഹർജികളുമായി ടാഗ് ചെയ്യാമെന്ന് പറഞ്ഞു.









0 comments