"ഞങ്ങൾക്ക് അധികാരമില്ലെന്ന് കരുതരുത് ' ; രേവന്ത് റെഡ്ഡിക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്

ന്യൂഡൽഹി : ബിആർഎസ് എംഎൽഎമാർ കൂറുമാറി കോൺഗ്രസിലെത്തിയാൽ ഉപതെരഞ്ഞെടുപ്പുകൾ ഉണ്ടാകില്ലെന്ന് നിയമസഭയിൽ പറഞ്ഞ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ അതിരൂക്ഷ വിമർശവുമായി സുപ്രീംകോടതി. കൂറുമാറ്റ നിരോധന നിയമം പ്രതിപാദിക്കുന്ന പത്താം ഷെഡ്യൂളിനെ മുഖ്യമന്ത്രി കൊഞ്ഞനം കുത്തുകയാണെന്ന് ജസ്റ്റിസുമാരായ ബി ആർ ഗവായി , അഗസ്റ്റിൻ ജോർജ്ജ് എന്നിവരുടെ ബെഞ്ച് പറഞ്ഞു.
രാംലീല മൈതാനത്തും നിയമസഭയിലും പറയുന്നത് രണ്ടും രണ്ടാണ്. സഭയിൽ പറയുന്നതിന് പവിത്രതയുണ്ട്. നിയമങ്ങൾ വ്യാഖ്യാനിക്കുമ്പോൾ സഭയിൽ മന്ത്രിമാരുടെ പ്രസ്‌താവനകളും അതിനൊപ്പം വ്യാഖ്യാനിക്കാമെന്ന വിധിന്യായങ്ങളുണ്ട്. കോടതിയലക്ഷ്യ നടപടികൾ മന്ദഗതിയിലായേക്കാം, പക്ഷേ ഞങ്ങൾക്ക് അധികാരമില്ലെന്ന് കരുതരുത്–- ബെഞ്ച് വ്യക്തമാക്കി. ഇത്തരം പ്രസ്‌താവനകൾ ആവർത്തിക്കരുതെന്ന മുന്നറിയിപ്പ് മുഖ്യമന്ത്രിയെ അറിയിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ മുകുൾ റോത്തഗിയോട് കോടതി നിര്‍ദേശിച്ചു. കോൺഗ്രസിലേക്ക് കൂറുമാറിയ മൂന്ന് എംഎൽഎമാരെ അയോഗ്യരാക്കുന്നതിൽ തീരുമാനം സ്‌പീക്കർ നീട്ടുന്നതിനെതിരെ ബിആർഎസ് നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി രേവന്ത് റെഡ്ഡിയെ വിമര്‍ശിച്ചത്.
സ്‌പീക്കർക്ക് വേണ്ടിയാണ് റോത്തഗി ഹാജരായത്.നേരത്തെ ഡൽഹി മദ്യനയക്കേസിൽ ബിആർഎസ് നേതാവ് കെ കവിതയ്‌ക്ക് ജാമ്യം നൽകിയതിനെതിരെ രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശത്തിൽ സുപ്രീംകോടതി അദ്ദേഹത്തെ ശാസിച്ചിരുന്നു.









0 comments