മൊബൈൽ ഫോണുകൾ വെർച്വൽ ചൂതാട്ട കേന്ദ്രങ്ങളാകുന്നു; കർശന നിരോധനം അനിവാര്യമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: മൊബൈൽ ഫോണുകൾ വെർച്വൽ ചൂതാട്ട കേന്ദ്രങ്ങളായി മാറുകയാണെന്നും ഓൺലൈൻ വാതുവയ്പ്പും ചൂതാട്ടവും തടയാൻ കർശന നിരോധനം അനിവാര്യമാണെന്നും സുപ്രീംകോടതി. ഓൺലൈൻ ഗെയിമിങ് ആസക്തി പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക നഷ്ടങ്ങളും ആസക്തിയും ഇന്ന് സാധാരണ സാമൂഹിക പ്രതിഭാസങ്ങളായി മാറിയിരിക്കുകയാണെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു. ഓൺലൈൻ ചൂതാട്ടം നിരോധിച്ചുകൊണ്ടുള്ള തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളുടെ നിയമനിർമ്മാണം സുപ്രീംകോടതി ശരിവച്ചു.
പൊതുജനങ്ങളുടെ വലിയൊരു വിഭാഗം ഓൺലൈൻ ചൂതാട്ടത്തിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇത് പൊതുസമാധാനത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ ശക്തമായ നിയമനിർമാണം നടത്തണം.
സ്‌കിൽ ഗെയിമുകൾക്ക് ലഭ്യമായ ഭരണഘടനാ സംരക്ഷണം അത്തരം ഗെയിമുകളിൽ നടത്തുന്ന വാതുവയ്പ്പുകൾക്ക് ബാധകമല്ല. ഓൺലൈൻ ഗെയിമിങ് കമ്പനികൾക്ക് വാതുവയ്പ്പും ചൂതാട്ടവും ഉൾപ്പെടുന്ന വ്യാപാരം നടത്താൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(ജി) പ്രകാരമുള്ള മൗലികാവകാശമില്ലെന്നും കോടതി പറഞ്ഞു.
കമ്പ്യൂട്ടറുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ നടത്തുന്ന ഓൺലൈൻ ഗെയിമിങ് ലക്ഷ്യമിട്ട് സംസ്ഥാനങ്ങൾ കൊണ്ടുവന്ന ഭേദഗതികൾ മദ്രാസ്, കർണാടക ഹൈക്കോടതികൾ റദ്ദാക്കിയിരുന്നു. ഈ വിധികൾക്കെതിരെ അതത് സംസ്ഥാന സർക്കാരുകൾ സമർപ്പിച്ച അപ്പീലുകൾ വിശദമായി പരിഗണിച്ച ശേഷമാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന വിധി.









0 comments