ചങ്ങലക്കിടൽ വേണ്ട; മാനസികാരോഗ്യ സംരക്ഷണ നിയമം നടപ്പിലാക്കിയത് പരിശോധിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷനോട് സുപ്രീം കോടതി

ന്യൂഡൽഹി: മാനസിക രോഗമുള്ളവരുടെ അവകാശങ്ങളും ആവശ്യങ്ങളും സംരക്ഷിക്കുന്നതിനുള്ള 2017 ലെ നിയമം നടപ്പിലാക്കുന്നതിലെ കേന്ദ്ര സർക്കാർ അലംഭാവത്തിനെതിരായ പൊതുതാൽപര്യ ഹർജി സുപ്രീം കോടതി ദേശീയ മനുഷ്യാവകാശ കമ്മീഷന് കൈമാറി.
2017 ലെ മാനസികാരോഗ്യ സംരക്ഷണ നിയമം നടപ്പിലാക്കുന്നതിന് നിയമപരമായ അധികാര സമിതികൾ രൂപീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രം വിശദീകരിച്ചെങ്കിലും ഇതിൽ തൃപ്തരാകാതെ പരാതി പരിശോധിക്കാൻ കോടതി ആവശ്യപ്പെട്ടു.
മാനസികാരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കുന്ന വ്യക്തികളുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും വിഷയം നിരീക്ഷിക്കാനും സുപ്രീം കോടതി എൻഎച്ച്ആർസിയോട് നിർദ്ദേശിച്ചു.
2018 ൽ അഭിഭാഷകൻ ഗൗരവ് കുമാർ ബൻസാൽ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസുമാരായ പി എസ് നരസിംഹ, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
കേന്ദ്ര മാനസികാരോഗ്യ അതോറിറ്റി (സിഎംഎച്ച്എ), സംസ്ഥാന മാനസികാരോഗ്യ അതോറിറ്റി (എസ്എംഎച്ച്എ), മാനസികാരോഗ്യ അവലോകന ബോർഡ് (എംഎച്ച്ആർബി) എന്നിവ സ്ഥാപിക്കുന്നതിനെക്കുറിച്ച് 2017 ലെ നിയമം അനുശാസിക്കുന്നുണ്ട്.
ഉത്തർപ്രദേശിലെ ബുദൗൺ ജില്ലയിലെ ഒരു വിശ്വാസാധിഷ്ഠിത മാനസികാരോഗ്യ കേന്ദ്രത്തിൽ 2017 ലെ മാനസികാരോഗ്യ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച് ചങ്ങലയ്ക്കിട്ട് ചികിത്സിക്കുന്നത് പരാതിക്കാരൻ ചൂണ്ടികാട്ടിയിരുന്നു. നിയമം നിലവിൽ ഉണ്ടായിട്ടും ഇത് സംഭവിക്കുന്നത് വളരെ ആശങ്കാജനകമാണെന്ന് കോടതി പറഞ്ഞു.
മാനസികരോഗമുള്ള ആളുകളെ ചങ്ങലയിൽ കെട്ടുന്നത് ജീവിതത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും കൈകാര്യം ചെയ്യുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം കുറ്റകരമാവും. ഇത്തരം പ്രവർത്തികൾ അവരുടെ അവകാശങ്ങളുടെ ലംഘനമാണെന്നും അവരുടെ അന്തസ്സിന് വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും ബെഞ്ച് പറഞ്ഞു.
അത്തരമൊരു വ്യക്തിക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവകാശം മാത്രമല്ല, ക്രൂരവും മനുഷ്യത്വരഹിതവും അപമാനകരവുമായ പെരുമാറ്റത്തിൽ നിന്ന് സംരക്ഷിക്കപ്പെടാനുള്ള അവകശവും നിയമം നിഷ്കർഷിക്കുന്നു.
നിയമത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കാത്തത് പൗരന്മാരുടെ ജീവിതത്തിനും സ്വാതന്ത്ര്യത്തിനും നേരെയുള്ള കടുത്ത ലംഘനമാണെന്ന് ചൂണ്ടികാണിച്ചുള്ള ഹർജിയിൽ 2019 ജനുവരി 3 ന് സുപ്രീം കോടതി കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നോട്ടീസ് അയച്ചിരുന്നു.
2016 ലെ ദേശീയ മാനസികാരോഗ്യ സർവേ പ്രകാരം ഇന്ത്യയിലെ ജനസംഖ്യയുടെ ഏകദേശം 14 ശതമാനം പേർക്ക് സജീവമായ മാനസികാരോഗ്യ ഇടപെടലുകൾ ആവശ്യമാണെന്നും ഏകദേശം 2 ശതമാനം ഇന്ത്യക്കാർ കടുത്ത മാനസിക വൈകല്യങ്ങൾ അനുഭവിക്കുന്നുണ്ടെന്നും ഹർജിക്കാരൻ ചൂണ്ടികാട്ടി.
മാനസികാരോഗ്യ സംരക്ഷണ നിയമം
മാനസിക രോഗമുള്ളവരുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കുന്നതിനും മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിയമമാണ് 2017 ലെ മാനസികാരോഗ്യ സംരക്ഷണ നിയമം. 1987 ലെ കാലഹരണപ്പെട്ട മാനസികാരോഗ്യ നിയമത്തിന് പകരമായി 2018 ജൂലൈ 7 ന് ഇത് പ്രാബല്യത്തിൽ വന്നു.
പ്രധാന വ്യവസ്ഥകൾ:
മാനസിക ആരോഗ്യ സംരക്ഷണത്തിനുള്ള അവകാശം: സർക്കാർ നടത്തുന്നതോ സ്വകാര്യമോ ആയ ഇടങ്ങളിൽ താങ്ങാനാവുന്നതും നല്ല നിലവാരമുള്ളതുമായ മാനസികാരോഗ്യ സേവനങ്ങൾ ലഭിക്കാൻ ഓരോ വ്യക്തിക്കും അവകാശമുണ്ട്.
ആത്മഹത്യയെ കുറ്റവിമുക്തമാക്കൽ: ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് ഒരു ക്രിമിനൽ കുറ്റമല്ല. ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവർ കടുത്ത സമ്മർദ്ദത്തിലാണെന്നും ശിക്ഷയല്ല, സഹായമാണ് ആവശ്യമാണെന്നും നിയമം അംഗീകരിക്കുന്നു.
മുൻകൂർ നിർദ്ദേശം: ഒരു മാനസികാരോഗ്യ പ്രതിസന്ധി സമയത്ത് തങ്ങൾക്ക് എങ്ങനെ ചികിത്സ ലഭിക്കണമെന്ന് (അല്ലെങ്കിൽ ചികിത്സിക്കാതിരിക്കണമെന്ന്) വ്യക്തികൾക്ക് മുൻകൂട്ടി വ്യക്തമാക്കാനും അവരുടെ പേരിൽ തീരുമാനങ്ങൾ എടുക്കാൻ ഒരു നാമനിർദ്ദേശിത പ്രതിനിധിയെ നിയമിക്കാനും അവകാശമുണ്ട്.
അവകാശ സംരക്ഷണം: രോഗികളെ അന്തസ്സോടെയും സ്വകാര്യതയോടെയും വിവേചനമില്ലാതെയും പരിഗണിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
വിവരമറിഞ്ഞുള്ള സമ്മതം: ആക്ട് നിർവചിച്ചിരിക്കുന്ന പ്രത്യേക സാഹചര്യങ്ങളിലൊഴികെ, വ്യക്തിയുടെ സമ്മതമില്ലാതെ ആരെയും ശുശ്രൂഷയ്കായി പ്രവേശിപ്പിക്കാനോ ചികിത്സിക്കാനോ കഴിയില്ല.
മാനസികാരോഗ്യ അവലോകന ബോർഡുകൾ: കേന്ദ്ര സംസ്ഥാന തലങ്ങളിൽ രൂപീകരിക്കണം. ഈ സ്വതന്ത്ര സ്ഥാപനങ്ങൾ നിയമം നടപ്പാക്കലിന് മേൽനോട്ടം വഹിക്കണം. രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുണം. പരാതികൾ കൈകാര്യം ചെയ്യണം.
സർക്കാരിന്റെ ഉത്തരവാദിത്തങ്ങൾ: ആശുപത്രികൾ, പുനരധിവാസ കേന്ദ്രങ്ങൾ, കമ്മ്യൂണിറ്റി അധിഷ്ഠിത പരിപാടികൾ എന്നിവയുൾപ്പെടെ മതിയായ മാനസികാരോഗ്യ സേവനങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്ഥാപിക്കണം. അവ ഉറപ്പ് വരുത്തണം.










0 comments