print edition പൊലീസ് നരനായാട്ട് സുപ്രീംകോടതി അന്വേഷിക്കും; കുട്ടികളെ വിട്ടയക്കണം, കേസുകൾക്ക് സ്റ്റേ

ന്യൂഡൽഹി: ധർമേന്ദ്ര പ്രധാന്റെ മന്ത്രിക്കസേര തെറിപ്പിച്ച പ്രക്ഷോഭത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്തവരെയും ക്രിമിനൽ പശ്‌ചാത്തലമില്ലാത്തവരെയും ഉടൻ വിട്ടയക്കാൻ സുപ്രീംകോടതി ഉത്തരവ്. കേരളം, യുപി, മഹാരാഷ്‌ട്ര, ബിഹാർ, മധ്യപ്രദേശ്, അസം, ബംഗാൾ സർക്കാരുകൾ രജിസ്റ്റർചെയ്‌ത കേസ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മാല്യ ബാഗ്‌ചി, വി മോഹന എന്നിവരുടെ ബെഞ്ച് സ്റ്റേചെയ്‌ത് നോട്ടീസച്ചു. നിലവിലുള്ള കേസുകൾ തുടരാം. അറസ്റ്റ് പോലുള്ള നടപടികളിലേക്ക് കടക്കരുത്.
പൊലീസിന്റെ അമിത ബലപ്രയോഗം അന്വേഷിക്കേണ്ടതാണെന്ന് ബോധ്യപ്പെട്ടുവെന്നും ഇതിനായി റിട്ട. സുപ്രീംകോടതി ജഡ്‌ജിയുടെ അധ്യക്ഷതയിൽ സ്വതന്ത്ര ഉന്നതതല അന്വേഷണ സംഘത്തെ നിയമിക്കുമെന്നും കോടതി വ്യക്തമാക്കി. ക്രിമിനൽ പശ്ചാത്തലമില്ലാത്ത ഒരാൾക്കെതിരെയും നിയമനടപടി പാടില്ല. പ്രക്ഷോഭകരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിക്കരുത്.
പൊലീസ് ബന്തവസുള്ള ജന്തർമന്തറിൽ അതിരാവിലെ കല്ലുനിറച്ച ട്രക്ക് എങ്ങനെയെത്തിയെന്ന് മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ ചോദിച്ചതോടെയാണ് പൊലീസ് നടപടികളിൽ സുപ്രീംകോടതിക്ക് സംശയം തോന്നിയത്.
മുതിർന്ന അഭിഭാഷകരായ ഗോപാൽ ശങ്കരനാരായണൻ, ഷദൻ ഫറാസാത്ത്, ശ്യാം ദിവാൻ, പ്രശാന്ത് ഭൂഷൺ, എൻ ഹരിഹരൻ എന്നിവർ രാജ്യമെങ്ങുമുള്ള പൊലീസ് ക്രൂരത വിവരിച്ചതോടെ കേന്ദ്രസർക്കാർ പ്രതിരോധത്തിലായി. പരിക്കേറ്റ 19കാരി ഇപ്പോഴും വെന്റിലേറ്ററിലാണ്. പെല്ലറ്റും വൈദ്യുതി ബാറ്റണും പ്രയോഗിച്ചു. നിരോധനാജ്ഞ പ്രഖ്യാപിക്കാതെയായിരുന്നു ക്രൂരമർദനം. യൂണിഫോമില്ലാത്തവർ പെൺകുട്ടികളെ കടന്നുപിടിച്ചു. ഡൽഹിയെക്കാൾ കൊടുംഭീകരത പട്‌നയിൽ അരങ്ങേറിയെന്നും എകെ 47 പ്രയോഗിച്ചെന്നും അഭിഭാഷകർ പറഞ്ഞു.
ഇപ്പോഴും 150 വിദ്യാർഥികൾ കസ്റ്റഡിയിലാണ്. മുംബൈയിൽ മയക്കുമരുന്ന് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഗോപാൽ ശങ്കരനാരായണനാണ് കോടതി മേൽനോട്ടത്തിൽ അന്വേഷണം ശുപാർശ ചെയ്‌തത്. കുട്ടികൾ സമാധാനപരമായാണ് പ്രതിഷേധിച്ചതെന്നും സമൂഹ്യവിരുദ്ധർ നുഴഞ്ഞുകയറിയതാകാമെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. കുട്ടികൾക്കെതിരെ അതിക്രമം നടക്കാൻ പാടില്ലായിരുന്നുവെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്‌ക്ക് സമ്മതിക്കേണ്ടി വന്നു.
നോട്ടീസ് ലഭിച്ച ഏക പ്രതിപക്ഷ സംസ്ഥാനം കേരളം
ന്യൂഡൽഹി: നീറ്റ് പ്രക്ഷോഭത്തെ വേട്ടയാടിയതിന് സുപ്രീംകോടതി നോട്ടീസ് ലഭിച്ച ഏക പ്രതിപക്ഷ സംസ്ഥാനം കേരളം.
കേസുകൾ സ്റ്റേചെയ്‌തും നടപടി വിലക്കിയുമുള്ള ഇടക്കാല ഉത്തരവിൽ ബിജെപി സംസ്ഥാനങ്ങളായ യുപി, മഹാരാഷ്‌ട്ര, ബിഹാർ, ബംഗാൾ, അസം, മധ്യപ്രദേശ്, ഡൽഹി എന്നിവയ്‌ക്കൊപ്പമാണ് ഇനി യുഡിഎഫ് സർക്കാർ കോടതിയിൽ മറുപടി പറയേണ്ടത്. കേന്ദ്രസർക്കാരിനെതിരെ എസ്‌എഫ്‌ഐ അടക്കമുള്ള പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ നടത്തിയ സമരങ്ങളെ ബിജെപി സംസ്ഥാനങ്ങളെ നാണിപ്പിക്കുംവിധമാണ് വി ഡി സതീശൻ സർക്കാർ അടിച്ചമർത്താൻ ശ്രമിച്ചത്.
വിദ്യാർഥികളെ ക്രൂരമായി തല്ലിച്ചതച്ചും അറസ്റ്റ്‌ചെയ്‌തും ബിജെപി കൂറ് സതീശൻ തെളിയിച്ചു. തമിഴ്‌നാട്, കർണാടക, ഹിമാചൽ പ്രദേശ് എന്നീ പ്രതിപക്ഷ സംസ്ഥാനങ്ങളിൽ പൊലീസ് നടപടിയുണ്ടായിട്ടില്ല. തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ എസ്‌എഫ്‌ഐ പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതച്ചെങ്കിലും നിലവിൽ കോടതി അയച്ച നോട്ടീസിൽ ഉൾപ്പെട്ടിട്ടില്ല.










0 comments