print edition മാധ്യമപ്രവർത്തകർക്ക് നിർവചനം നൽകാൻ സുപ്രീംകോടതി; ഹർജി നൽകിയത് കെയുഡബ്ലുജെ ഡൽഹി ഘടകം


സ്വന്തം ലേഖകൻ
Published on Nov 27, 2026, 01:11 AM | 1 min read
ന്യൂഡൽഹി : ആരാണ് മാധ്യമപ്രവർത്തകർ എന്ന് നിർവചിക്കുമെന്നും അവകാശങ്ങളും സംരക്ഷണവും തീരുമാനിക്കുമെന്നും സുപ്രീംകോടതി. ക്രമസമാധാന പരിപാലനവുമായി പത്രപ്രവർത്തന സ്വാതന്ത്ര്യം സന്തുലിതമാക്കണമെന്ന് നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചിന്റെ നിരീക്ഷണം. ജന്തർമന്തർ സമരത്തിനിടെ മലയാളി മാധ്യമപ്രവർത്തകര അക്രമിച്ച പൊലീസുകാർക്കെതിരെ കേരള പത്ര പ്രവർത്തക യൂണിയൻ (കെയുഡബ്ലുജെ) ഡൽഹി ഘടകം നൽകിയ ഹർജി പരിഗണിക്കവേയാണ് നിരീക്ഷണം. അതിക്രമങ്ങൾ റിട്ട.ജസ്റ്റിസ് സുഭാഷ് റെഡ്ഡി അധ്യക്ഷനായ സ്വതന്ത്ര സമിതി പരിശോധിക്കാൻ കോടതി ഉത്തരവിട്ടു.
മാധ്യമപ്രവർത്തകരെ സംബന്ധിച്ച വിശാലമായ ഭരണഘടനാചോദ്യങ്ങൾ പരിശോധിക്കും. സ്വയം പ്രഖ്യാപിത മാധ്യമപ്രവർത്തകർക്ക് അക്രഡിറ്റഡ് മാധ്യമപ്രവർത്തകർക്ക് ലഭിക്കുന്ന അതേ നിയമ സംരക്ഷണം ലഭിക്കില്ല. ആരാണ് മാധ്യമപ്രവർത്തകർ എന്ന് നിർവചിക്കേണ്ടതുണ്ട്. പ്രസ് കൗൺസിലിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വ്യക്തിയാണോ, അതോ രജിസ്റ്റർ ചെയ്ത ടിവി ചാനലിൽ ഉള്ളവരാണോ അതുമല്ലെങ്കിൽ റീൽ നിർമാതാക്കളാണോ എന്ന് നിർവചിക്കണം. പത്രപ്രവർത്തകരാണെങ്കിൽ അവർക്ക് പ്രസ് കൗൺസിൽ അംഗീകാരവും ചാനൽ, ഓൺലൈൻ എന്നിവയിലുള്ളവർക്ക് അതിനനുസരിച്ചുള്ള അംഗീകാരവും ഉണ്ടാകും. പ്രതിഷേധത്തിന്റെ സമയത്ത് മാധ്യമപ്രവർത്തകന് പ്രത്യേക സംരക്ഷണമുണ്ടോ ഇല്ലെയോ, ബലപ്രയോഗത്തിലൂടെ ഒരു മാധ്യമപ്രവർത്തകനെ നീക്കുന്നത് കസ്റ്റഡിയാണോ , അതിന്റെ ഭരണഘടനാപരമായ പ്രത്യോഘാതം എന്താണ്. ഇവ പരിശോധിക്കുമെന്നും ബെഞ്ച് പറഞ്ഞു. ഔദ്യോഗിക കൃത്യനിർവഹണത്തിനുള്ള സ്വാതന്ത്ര്യം മാത്രമാണ് തേടുന്നതെന്ന് കെയുഡബ്ലുജെയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ പി വി ദിനേശ് പറഞ്ഞു. മലയാളികൾ അതിക്രമത്തിന് ഇരയായിട്ടുണ്ടെങ്കിൽ തെളിവുകൾ സമിതിക്ക് കൈമാറാൻ കോടതി നിർദേശിച്ചു.









0 comments