ബിൽക്കിസ് ബാനു കേസ്: രണ്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ബിൽക്കിസ് ബാനു കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ബിപിൻചന്ദ് ജോഷി, പ്രദീപ് മോദിയ എന്നിവർക്കാണ് സുപ്രീം കോടതി ജാമ്യം നൽകിയത്. ഇവരുടെ ശിക്ഷയും ജീവപര്യന്തം തടവും ശരിവച്ച 2017 മെയ് മാസത്തിലെ ബോംബെ ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലിലാണ് കോടതി ഇടപെടൽ.
പ്രതികൾ ഇതിനോടകം 17 വർഷത്തിലേറെ ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും ഇവരുടെ അപ്പീലിൽ വസ്തുതാപരവും നിയമപരവുമായ കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും നിരീക്ഷിച്ചാണ് കോടതിയുടെ നടപടി. പ്രതികളിലൊരാളായ ബിപിൻചന്ദ് ജോഷി ഗുരുതരമായ ശാരീരിക വൈകല്യമുള്ളയാളാണെന്ന കാര്യവും ജാമ്യം അനുവദിക്കുമ്പോൾ ബെഞ്ച് പരിഗണിച്ചു.
കുറ്റകൃത്യത്തിന്റെ ഗൗരവവും വിചാരണക്കോടതിയുടെയും ഹൈക്കോടതിയുടെയും കണ്ടെത്തലുകളും ചൂണ്ടിക്കാട്ടി സർക്കാർ അഭിഭാഷകൻ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. ശിക്ഷാ ഇളവ് (റെമിഷൻ) നൽകി ഗുജറാത്ത് സർക്കാർ നേരത്തെ വിട്ടയച്ച 11 പ്രതികളിൽ ഉൾപ്പെട്ടവരാണ് ഇവർ.
2002ൽ ഗുജറാത്ത് കലാപത്തിനിടെ അഞ്ച് മാസം ഗർഭിണിയായിരുന്ന 21കാരി ബിൽക്കിസ് ബാനു കൂട്ടബലാത്സംഗത്തിനിരയാവുകയും അവരുടെ മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെ കുടുംബത്തിലെ ഏഴ് പേർ കൊല്ലപ്പെടുകയും ചെയ്തതാണ് കേസിനാസ്പദമായ സംഭവം.









0 comments