ചൈന വിരുദ്ധ യുഎസ് സഖ്യത്തിൽ ഇന്ത്യയും; എഐ മേഖലയും അമേരിക്കയ്ക്ക് തീറെഴുതുന്നു

ന്യൂഡൽഹി: സാങ്കേതികവിദ്യ രംഗത്ത് ചൈനയെ ഒറ്റപ്പെടുത്താനും ആഗോള മേധാവിത്വം നിലനിർത്താനുമായി അമേരിക്ക രൂപീകരിച്ച പുതിയ സഖ്യത്തിൽ പങ്കാളിയായി ഇന്ത്യയും. യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തിൽ മറ്റ് ഒമ്പത് രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യയും ചേർന്നത്. അമേരിക്ക, ഇസ്രായേൽ, യുകെ, ഓസ്‌ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ, ഖത്തർ, സിംഗപ്പൂർ, യുഎഇ എന്നിവയാണ് നിർമ്മിത ബുദ്ധി വിതരണ ശൃംഖലയുടെ സുരക്ഷയെന്ന പേരിൽ രൂപീകരിച്ച സഖ്യത്തിലെ മറ്റ് പങ്കാളികൾ.
സാമ്പത്തിക സുരക്ഷയാണ് ദേശീയ സുരക്ഷയ്ക്ക് അടിത്തറയെന്നും, തന്ത്രപ്രധാനമായ സാങ്കേതികവിദ്യകളും എഐ അടിസ്ഥാന സൗകര്യങ്ങളും സംയുക്തമായി സംരക്ഷിക്കണമെന്നുമാണ് കരാറിലെ തീരുമാനങ്ങൾ. സാമ്പത്തിക സുരക്ഷയാണ് ദേശീയ സുരക്ഷയ്ക്ക് അടിത്തറയെന്ന് അവകാശപ്പെടുന്ന കരാർ, എഐ നയം, വിതരണ ശൃംഖല, സുരക്ഷാ കേന്ദ്രങ്ങൾ എന്നിവ ഏകോപിപ്പിക്കാൻ വർക്കിംഗ് ഗ്രൂപ്പുകൾ രൂപീകരിക്കാൻ നിർദേശിക്കുന്നു.
എഐ മോഡലുകൾ, സെമികണ്ടക്ടറുകൾ, നിർണായക ധാതുക്കൾ എന്നിവയുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാൻ കഴിഞ്ഞ വർഷം അമേരിക്ക തുടക്കമിട്ട 'പാക്സ് സിലിക്ക' പദ്ധതിയുടെ തുടർച്ചയാണിത്. ചൈനയുമായുള്ള സാങ്കേതിക മത്സരത്തിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ അമേരിക്ക സഖ്യകക്ഷികളെ ഉപയോഗിക്കുമ്പോൾ, ഇന്ത്യയും അതിന്റെ ഭാഗമാകുന്നത് രാജ്യത്തിന്റെ സ്വതന്ത്രമായ സാങ്കേതിക വളർച്ചയെയും വ്യാപാര താൽപ്പര്യങ്ങളെയും ദോഷകരമായി ബാധിക്കും.
എന്നാൽ, എതിരാളികളായി അമേരിക്ക കാണുന്ന രാജ്യങ്ങളെ (പ്രത്യേകിച്ച് ചൈനയെ) ആശ്രയിക്കുന്നത് കുറയ്ക്കാനും, സംയുക്ത കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമുള്ള വാഷിംഗ്ടണിന്റെ ഭൗമരാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ് ഈ സഖ്യമെന്നും വിമർശനമുയരുന്നുണ്ട്. ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും സാങ്കേതിക പരമാധികാരത്തെയും അമേരിക്കൻ താൽപ്പര്യങ്ങൾക്ക് കീഴ്പ്പെടുത്തുന്നതാണ് ഈ നീക്കം.








0 comments