ആംബുലൻസുകൾക്ക് വഴിമുടക്കി ഥാർ എസ്‌യുവിയുടെ മുകളിൽ കയറി യുവാക്കളുടെ നൃത്തം; വീഡിയോ

ലക്നൗ: രണ്ട് ആംബുലൻസുകളുടെ വഴി തടസ്സപ്പെടുത്തിക്കൊണ്ട് ഒരു സംഘം യുവാക്കൾ ഥാർ എസ്‌യുവിയുടെ മുകളിൽ കയറി നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലുള്ള ബാബുഗഡ് മേഖലയിലെ ബച്റൗത ഗ്രാമത്തിലാണ് സംഭവം നടന്നത്.
റോഡിന് നടുവിൽ ഥാർ നിർത്തിയിട്ട ശേഷം യുവാക്കൾ വാഹനത്തിന്റെ മുകളിൽ കയറി നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. സൈറൺ മുഴക്കിക്കൊണ്ട് രണ്ട് ആംബുലൻസുകൾ പിന്നാലെ വരുന്നത് വീഡിയോയിൽ കാണാമെങ്കിലും വാഹനത്തിലുണ്ടായിരുന്നവർ വഴിമാറിക്കൊടുക്കാൻ തയ്യാറായില്ല. ഇതിൽ ഒരു ആംബുലൻസിൽ രോഗിയുണ്ടായിരുന്നു.
ആംബുലൻസുകൾ തുടർച്ചയായി സൈറൺ മുഴക്കിയിട്ടും ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ട് യുവാക്കൾ വാഹനത്തിന് മുകളിൽ നൃത്തം തുടരുകയായിരുന്നു. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള രോഗികളോടുള്ള യുവാക്കളുടെ ഈ നിരുത്തരവാദപരമായ പെരുമാറ്റത്തെ ചോദ്യം ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.








0 comments