Deshabhimani

ടിവിഎസ് കുടുംബത്തിൽ സ്വത്തുതർക്കം; പിതാവിന്റെ സ്വത്തിൽ തുല്യവിഹിതം ആവശ്യപ്പെട്ട് ലക്ഷ്മി വേണു

TVS LAKSHMI VENU
വെബ് ഡെസ്ക്

Published on Nov 16, 2026, 06:22 PM | 1 min read

ന്യൂഡൽഹി: പ്രമുഖ വ്യവസായ ഗ്രൂപ്പായ ടിവിഎസിന്റെ ഉടമസ്ഥ കുടുംബത്തിൽ സ്വത്തുവിഭജനത്തെച്ചൊല്ലി തർക്കം. വ്യവസായി വേണു ശ്രീനിവാസന്റെ മകൾ ലക്ഷ്മി വേണുവാണ് പിതാവിന്റെ കുടുംബശാഖയുടെ സ്വത്തിൽ തുല്യവിഹിതം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം കുടുംബസ്വത്തിൽ തനിക്കും തുല്യാവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ലക്ഷ്മിയുടെ നടപടി. ടിവിഎസ് ഹോൾഡിങ്സ്, ടിവിഎസ് മോട്ടോർ കമ്പനി, ടിവിഎസ് ക്രെഡിറ്റ് സർവീസസ്, സുന്ദരം ക്ലേട്ടൺ തുടങ്ങിയ കമ്പനികളിലെ കുടുംബത്തിന്റെ സാമ്പത്തിക ഉടമസ്ഥാവകാശങ്ങളും തർക്കത്തിന്റെ ഭാഗമാണ്.


കുടുംബത്തിന്റെ തലവനെന്ന നിലയിൽ സ്വത്തുക്കൾ നീതിപൂർവമായും നിയമാനുസൃതമായും വിഭജിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി പിതാവിന് നോട്ടീസ് അയച്ചു. 1956ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ ആറാം വകുപ്പാണ് ലക്ഷ്മി ഉന്നയിക്കുന്നത്. 2005ലെ നിയമഭേദഗതിയിലൂടെ കൂട്ടുകുടുംബ സ്വത്തിൽ പെൺമക്കൾക്കും ആൺമക്കൾക്ക് തുല്യമായ അവകാശങ്ങളും ബാധ്യതകളും ഉറപ്പാക്കിയിട്ടുണ്ട്. ലക്ഷ്മിയുടെ ആവശ്യം അമ്മയും വ്യവസായിയുമായ മല്ലിക ശ്രീനിവാസനും പിന്തുണച്ചു.


അതേസമയം, കുടുംബസ്വത്തുമായി ബന്ധപ്പെട്ട ഒത്തുതീർപ്പ് നേരത്തേ ഉണ്ടായിട്ടുണ്ടെന്നാണ് വേണു ശ്രീനിവാസന്റെയും മകൻ സുദർശന്റെയും നിലപാട്. എന്നാൽ കുടുംബത്തിന്റെ സാമ്പത്തിക ആസ്തികൾ പൂർണമായി വിഭജിച്ചിട്ടില്ലെന്ന് ലക്ഷ്മിയും മല്ലികയും വാദിക്കുന്നു. നേരത്തേയുണ്ടാക്കിയ ധാരണകൾ കമ്പനികളുടെ നിയന്ത്രണവും കുടുംബത്തിന്റെ വ്യാപാരമുദ്രകളുടെ ഉപയോഗവും സംബന്ധിച്ചുള്ളതായിരുന്നെന്നും ആസ്തികളുടെ ഉടമസ്ഥാവകാശവും വിഭജനവും അതിലൂടെ തീർപ്പാക്കിയിട്ടില്ലെന്നുമാണ് ലക്ഷ്മിയുടെ വാദം.


വിഎസ് ട്രസ്റ്റ് ഉൾപ്പെടെയുള്ള കുടുംബ ട്രസ്റ്റുകളിലൂടെയും കോർപറേറ്റ് സംവിധാനങ്ങളിലൂടെയുമാണ് തർക്കത്തിലുള്ള ആസ്തികളും ഓഹരി ഉടമസ്ഥാവകാശങ്ങളും നിലനിൽക്കുന്നത്. ടിവിഎസ് ഹോൾഡിങ്സിന്റെ വാർഷിക റിപ്പോർട്ട് പ്രകാരം കമ്പനിയുടെ 74.45 ശതമാനം ഓഹരികൾ കുടുംബത്തിന്റെയും പ്രൊമോട്ടർ ഗ്രൂപ്പിന്റെയും കൈവശമാണ്. വിഎസ് ട്രസ്റ്റ് വഴി വേണു ശ്രീനിവാസന് 66.55 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ടിവിഎസ് മോട്ടോർ കമ്പനിയിൽ ടിവിഎസ് ഹോൾഡിങ്സിന് 56 ശതമാനം ഓഹരി പങ്കാളിത്തവുമുണ്ട്.


പുരുഷാധിപത്യത്തിന് നിയമത്തിലോ പുരോഗമന ഇന്ത്യയിലോ സ്ഥാനമില്ലെന്ന് ലക്ഷ്മി വേണു വ്യക്തമാക്കി. കുടുംബസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ലക്ഷ്മിയും അമ്മ മല്ലിക ശ്രീനിവാസനും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home