Deshabhimani

അന്താരാഷ്ട്ര അരാക്‌നോളജി കോൺഗ്രസിന് കൊച്ചിയിൽ തുടക്കം; 50 രാജ്യങ്ങളിൽനിന്ന് 200ലേറെ പ്രതിനിധികൾ

roji john
വെബ് ഡെസ്ക്

Published on Nov 16, 2026, 06:51 PM | 1 min read

കൊച്ചി: ഇന്റർനാഷണൽ സൊസൈറ്റി ഓഫ് അരാക്‌നോളജിയുടെ 23-ാമത് അന്താരാഷ്ട്ര കോൺഗ്രസിന് കൊച്ചിയിൽ തുടക്കമായി. ഇന്ത്യയിൽ ആദ്യമായി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ 50 രാജ്യങ്ങളിൽനിന്നായി 200ലധികം ശാസ്ത്രജ്ഞരും ഗവേഷകരും പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ഇവരിൽ 140ഓളം പേർ വിദേശ പ്രതിനിധികളാണ്. കൊച്ചി ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനം ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു.


ചിലന്തികൾ, തേളുകൾ, ഹാർവെസ്റ്റ്മെൻ, മൈറ്റുകൾ, ടിക്കുകൾ തുടങ്ങിയ അരക്‌നിഡ് വിഭാഗത്തിൽപ്പെടുന്ന ജീവികളുടെ ജൈവവൈവിധ്യം, പരിസ്ഥിതിശാസ്ത്രം, പരിണാമം, സംരക്ഷണം തുടങ്ങിയ മേഖലകളിലെ പുതിയ ഗവേഷണങ്ങളും കണ്ടെത്തലുകളുമാണ് സമ്മേളനത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ. തൃക്കാക്കര ഭാരതമാതാ കോളേജും കുറവിലങ്ങാട് ദേവമാതാ കോളേജും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.


ഇന്റർനാഷണൽ സൊസൈറ്റി ഓഫ് അരാക്‌നോളജി പ്രസിഡന്റ് ഡോ. റോസ്മേരി ജി ഗില്ലസ്പി ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗവേഷകരെ ഒരുമിപ്പിക്കുന്നതിനും യുവശാസ്ത്രജ്ഞർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനും സമ്മേളനം പ്രാധാന്യം നൽകുന്നു. യൂറോപ്പിലും വടക്കേ അമേരിക്കയിലും കേന്ദ്രീകരിച്ചിരുന്ന അരാക്‌നോളജി ഗവേഷണ കൂട്ടായ്മയെ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയെന്നതും സംഘടനയുടെ ലക്ഷ്യമാണ്.


ജൈവവൈവിധ്യ നഷ്ടം, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി നാശം തുടങ്ങിയ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ അരാക്‌നിഡുകളെക്കുറിച്ചുള്ള ഗവേഷണങ്ങൾക്ക് പ്രാധാന്യമേറുകയാണ്. പ്രാണികളുടെ എണ്ണം നിയന്ത്രിക്കുന്നതിലും ഭക്ഷ്യശൃംഖലയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും ഇവ നിർണായക പങ്കുവഹിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ ഗവേഷകർ തമ്മിലുള്ള സഹകരണവും പുതിയ ശാസ്ത്രീയ കണ്ടെത്തലുകളുടെ കൈമാറ്റവും സമ്മേളനം ലക്ഷ്യമിടുന്നു.


ഭാരതമാതാ കോളേജ് ഗവേണിങ് ബോഡി അംഗം ഡോ. ആന്റോ ചേരന്തുരുത്തി, പ്രിൻസിപ്പൽ ഡോ. സൗമ്യ തോമസ്, സംഘാടക സമിതി കൺവീനർ ഡോ. മാത്യു എം ജെ, ദേവമാതാ കോളേജ് പ്രിൻസിപ്പൽ ഡോ. പ്രിയ ജോസഫ്, സയന്റിഫിക് കമ്മിറ്റി കൺവീനർ ഡോ. സുനിൽ ജോസ് കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home