Deshabhimani

കോടികൾ ഒഴുക്കിയിട്ടും യമുന മലിനം തന്നെ; സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം

വെബ് ഡെസ്ക്

Published on Nov 16, 2026, 06:41 PM | 1 min read

ന്യൂഡൽഹി: യമുന നദി ശുചീകരിക്കുന്നതിനായി കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും മലിനീകരണത്തിന്റെ തോത് വർധിക്കുന്നതിൽ ഭരണസംവിധാനങ്ങളെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. നദിയിലേക്ക് 520 ഓടകളിലൂടെ പ്രതിദിനം 966.68 കോടി ലിറ്റർ മലിനജലം ഒഴുകിയെത്തുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. നദീതീരത്തെ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ഭരണപരമായ വീഴ്ചകളാണ് യമുനയുടെ ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് ജസ്റ്റിസുമാരായ മനോജ് മിശ്ര, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. യമുന മലിനീകരണവുമായി ബന്ധപ്പെട്ട ഹർജിയിൽ നവംബർ നാലിന് പുറപ്പെടുവിച്ച ഉത്തരവിലാണ് കോടതിയുടെ ഈ സുപ്രധാന പരാമർശങ്ങൾ.


വ്യവസായ മാലിന്യങ്ങളും സംസ്കരിക്കാത്ത മലിനജലവും നദിയിലേക്ക് എത്തുന്നത് ഉറവിടത്തിൽത്തന്നെ തടയണം. കൂടുതൽ മലിനജല സംസ്കരണ പ്ലാന്റുകൾ നിർമിച്ചതുകൊണ്ടുമാത്രം നദിയെ ശുദ്ധീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. നദി ഒഴുകുന്ന സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ജില്ലകളുടെയും അതിർത്തികളിൽ ജലത്തിന്റെ ഗുണനിലവാരം കൃത്യമായി നിരീക്ഷിക്കാൻ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന് (സിപിസിബി) കോടതി നിർദേശം നൽകി. ഒരു പ്രദേശത്തുകൂടി ഒഴുകുമ്പോൾ ജലത്തിന്റെ ഗുണനിലവാരം കുറഞ്ഞാൽ ബന്ധപ്പെട്ട ഭരണകൂടത്തെ ഉത്തരവാദിയാക്കുകയും പിഴ ചുമത്തുകയും ചെയ്യും. ഇതിനുള്ള നഷ്ടപരിഹാരത്തുക കണക്കാക്കാൻ പ്രത്യേക മാനദണ്ഡം തയ്യാറാക്കാനും സിപിസിബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.


ഡൽഹിയിലെ യമുന ആക്ഷൻ പ്ലാനിലെ വൈരുധ്യങ്ങളെയും കോടതി വിമർശിച്ചു. ഡൽഹി സോൺ 'ഒ' പ്രദേശത്തെ 35 ജലാശയങ്ങളിലും തണ്ണീർത്തടങ്ങളിലും കൈയേറ്റമില്ലെന്നാണ് പദ്ധതി രേഖയിൽ പറയുന്നത്. എന്നാൽ, ഇവയെല്ലാം കൈയേറ്റം നേരിടുന്നതായി ഡൽഹി സർക്കാരിന്റെ തന്നെ മറ്റൊരു രേഖയിൽ വ്യക്തമാക്കുന്നുണ്ട്. ഡൽഹിയിലെ 37 മലിനജല സംസ്കരണ പ്ലാന്റുകളിൽ ഒന്നുപോലും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും കോടതി കണ്ടെത്തി.


സംസ്കരണ പ്ലാന്റുകളിലും സർക്കാർ ബയോഗ്യാസ് പ്ലാന്റുകളിലും ഒരുമാസത്തിനകം സുരക്ഷിത സ്മാർട്ട് എനർജി മീറ്ററുകൾ സ്ഥാപിക്കണമെന്നും, ജലത്തിന്റെ ഗുണനിലവാരം സംബന്ധിച്ച വിവരങ്ങൾ തത്സമയം ലഭ്യമാക്കണമെന്നും കോടതി ഉത്തരവിട്ടു. സിപിസിബിക്ക് മുന്നറിയിപ്പില്ലാതെ പരിശോധനകൾ നടത്താനും സാമ്പിളുകൾ ശേഖരിക്കാനും അനുമതി നൽകണം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും രണ്ടാഴ്ചയ്ക്കകം മുതിർന്ന ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും നിർദേശിച്ച കോടതി, കേസ് ജനുവരി 13-ന് വീണ്ടും പരിഗണിക്കാനായി മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home