Deshabhimani

ബൈജു രവീന്ദ്രന്റെ കുടുംബത്തിന്റെ ഭൂമി 83.81 കോടി രൂപയ്ക്ക് സ്വന്തമാക്കി മീശോ സിഇഒ

byjus meesho
വെബ് ഡെസ്ക്

Published on Nov 16, 2026, 07:08 PM | 1 min read

ബംഗളൂരു: ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന്റെ കുടുംബത്തിൽനിന്ന് 83.81 കോടി രൂപയുടെ ഭൂമി വാങ്ങി പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ മീശോയുടെ സഹസ്ഥാപകനും സിഇഒയുമായ വിദിത് ആത്രേ. ബംഗളൂരുവിലെ ആഡംബര പാർപ്പിട മേഖലയായ എപ്സിലോൺ റെസിഡൻഷ്യൽ വില്ലാസിലെ രണ്ട് സ്ഥലങ്ങളാണ് വാങ്ങിയത്.


ബൈജു രവീന്ദ്രന്റെ ഭാര്യ ദിവ്യ ഗോകുൽനാഥ്, സഹോദരൻ റിജു രവീന്ദ്രന്റെ ഭാര്യ ദീപ്ത അഖില രാഘവൻ എന്നിവരിൽനിന്നാണ് ഭൂമി വാങ്ങിയത്. ദിവ്യയുടെ ഉടമസ്ഥതയിലുള്ള 18,305 ചതുരശ്ര അടി ഭൂമി 48.11 കോടി രൂപയ്ക്കും ദീപ്തയുടെ ഉടമസ്ഥതയിലുള്ള 15,180 ചതുരശ്ര അടി ഭൂമി 35.70 കോടി രൂപയ്ക്കുമാണ് വാങ്ങിയത്. ആകെ 33,485 ചതുരശ്ര അടി സ്ഥലമാണ് ആത്രേ സ്വന്തമാക്കിയത്. ജൂലൈ 24ന് നടന്ന ഇടപാടുകളുടെ രജിസ്ട്രേഷൻ ജൂലൈ 27ന് പൂർത്തിയായി.


ബംഗളൂരു ഈസ്റ്റിലെ യെമലൂരിലാണ് ഭൂമി സ്ഥിതി ചെയ്യുന്നത്. നഗരത്തിലെ ഏറ്റവും വിലകൂടിയ പാർപ്പിട മേഖലകളിലൊന്നാണ് എപ്സിലോൺ റെസിഡൻഷ്യൽ വില്ലാസ്. പ്രമുഖ വ്യവസായികളും ടെക്നോളജി കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന പ്രദേശമാണിത്. വിപ്രോ ചെയർമാൻ റിഷാദ് പ്രേംജി, ബ്രിട്ടാനിയ സിഇഒ വരുൺ ബെറി തുടങ്ങിയവരുടെ വസതികളും ഇവിടെയുണ്ട്.


ബൈജൂസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയും നിയമനടപടികളും നേരിടുന്നതിനിടെയാണ് ഭൂമി വിൽപ്പന. ബിസിസിഐക്ക് നൽകാനുള്ള കുടിശ്ശിക പരിഹരിക്കാൻ സമാഹരിച്ച പണത്തിന് ഈ ഭൂമി ഈടായി നൽകിയിരുന്നതായാണ് റിപ്പോർട്ട്. ബിസിസിഐയുടെ 158.9 കോടി രൂപ കുടിശ്ശികയുമായി ബന്ധപ്പെട്ട പരാതിയെത്തുടർന്ന് 2024 ജൂലൈയിലാണ് ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ പാപ്പരത്ത നടപടികളിലേക്ക് കടന്നത്.


ബൈജൂസിന്റെ സാമ്പത്തിക ബാധ്യതകളും കടക്കാരുമായുള്ള തർക്കങ്ങളും സംബന്ധിച്ച നിയമനടപടികൾ തുടരുകയാണ്. അതിനിടെയാണ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home