ad
Deshabhimani

ജാതിവിവേചനം തടയാനായി കൊണ്ടുവന്ന യുജിസി ചട്ടങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തു

UGC cast
വെബ് ഡെസ്ക്

Published on Jan 29, 2026, 04:55 PM | 2 min read

ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ ശാലകളിലെ ജാതിവിവേചനം തടയാനായി കൊണ്ടുവന്ന യു ജി സി യുടെ 2026ലെ പുതിയ ചട്ടങ്ങൾ സുപ്രീംകോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. ഈ ചട്ടങ്ങൾ ദുരുപയോഗ സാധ്യത നിരീക്ഷിച്ച കോടതി ഇവയിൽ കൂടുതൽ വ്യക്തത തേടി.


ചട്ടങ്ങളുടെ ഭാഷ വ്യക്തതയില്ലാത്തതും തെറ്റായി ഉപയോഗിക്കപ്പെടാൻ സാധ്യതയുള്ളതുമാണെന്ന് കോടതി പറഞ്ഞു. സാമൂഹിക സാഹചര്യങ്ങൾ മനസ്സിലാക്കുന്ന നിയമ വിദഗ്ധരെ ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിച്ച് ഇവ പുനഃപരിശോധിക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.


ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യ കാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും ഉൾപ്പെട്ട ബെഞ്ചാണ് തീരുമാനം എടുത്തത്. ബനാറസ് ഹിന്ദു സർവകലാശാലയിലെ പോസ്റ്റ്-ഡോക്ടറൽ ഗവേഷകനായ മൃത്യുഞ്ജയ് തിവാരി,വിനീത് ജിൻഡാൽ,രാഹുൽ ദേവാൻ എന്നിവർ നൽകിയ എതിര്‍ ഹർജികളിലാണ് കോടതി വാദം കേട്ടത്.


കേന്ദ്ര സർക്കാർക്കും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും മാർച്ച് 19-നകം സുപ്രീംകോടതിയിൽ മറുപടി നൽകണം. അതുവരെ 2026ലെ ചട്ടങ്ങൾ (Promotion of Equity in Higher Education Institutions Regulations, 2026) പ്രാബല്യത്തിൽ ഉണ്ടാകില്ല. ഇടക്കാലത്തേക്ക് 2012ലെ യു ജി സി ചട്ടങ്ങൾ തന്നെ തുടരും.


ജാതിയില്ലാത്ത സമൂഹം ലക്ഷ്യമാക്കിയ രാജ്യം ഇതുവരെ കൈവരിച്ച പുരോഗതിയിൽ നിന്ന് പിന്നോട്ടാണോ പോകുന്നതെന്ന് ചീഫ് ജസ്റ്റിസ് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചോദിച്ചു.


യു ജി സി ചട്ടങ്ങളിലെ റെഗുലേഷൻ 3(c)പട്ടികജാതി,പട്ടികവർഗം,പിന്നാക്ക വിഭാഗങ്ങൾ എന്നിവർക്കെതിരെയുള്ള ജാതിവിവേചനത്തെ മാത്രമാണ് പരിഗണിക്കുന്നതെന്നും, ഇത് ഭരണഘടനയിലെ തുല്യതാ സിദ്ധാന്തത്തിന് വിരുദ്ധമാണെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ വാദിച്ചു. ജനറൽ വിഭാഗത്തിൽപ്പെട്ടവർക്കെതിരെയുള്ള വിവേചനം ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് പരാതി.


ഇന്ത്യയിൽ ചരിത്രപരമായും സാമൂഹികമായും ചില വിഭാഗങ്ങൾക്കാണ് ജാതിവിവേചനം കൂടുതൽ നേരിടേണ്ടി വന്നിട്ടുള്ളതെന്ന വസ്തുത ചർച്ചയായി. വ്യത്യസ്ത ജാതി വിഭാഗങ്ങൾക്ക് വേർതിരിച്ച ഹോസ്റ്റലുകൾ നിർദേശിച്ചതായ ആരോപണത്തെ കോടതി ശക്തമായി വിമർശിച്ചു. ദയവായി ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യരുത്. ഞങ്ങൾ പഠിച്ച കാലത്ത് എല്ലാവരും ഒരുമിച്ച് താമസിച്ചിരുന്നുവെന്നും,ഇന്ന് അന്തർജാതി വിവാഹങ്ങളും സാധാരണമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.


കാമ്പസുകളിലെ ജാതിവിവേചന പരാതികളിൽ

100 ശതമാനം വര്‍ധന


രോഹിത് വെമുലയുടെയും പായൽ തദ്വിയുടെയും മരണങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ പശ്ചാത്തലത്തിലാണ് പുതിയ ചട്ടങ്ങൾ രൂപപ്പെടുത്തിയത്. ജാതിവിവേചനം തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് ഇരുവരുടെയും മരണത്തിലേക്ക് നയിച്ചതെന്ന് അവരുടെ അമ്മമാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ചട്ടങ്ങൾ പരിഷ്കരിച്ചത്.


2020 നും 2025 നും ഇടയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതി വിവേചനവുമായി ബന്ധപ്പെട്ട പരാതികളിൽ 100% ത്തിലധികം വർദ്ധനവ് ഉണ്ടായുള്ള കണക്കുകൾ യുജിസി പുറത്തു വിട്ടിരുന്നു.


ഈ കാലയളവില്‍ 704 സര്‍വകലാശാലകളില്‍ നിന്നും 1,553 കോളേജുകളില്‍ നിന്നുമായി ആകെ 1,160 പരാതികള്‍ ലഭിച്ചു. നിരന്തരമായ വിവേചനത്തിന്റെയും ശക്തമായ സ്ഥാപനപരമായ സുരക്ഷാ സംവിധാനങ്ങളുടെ ആവശ്യകതയുടെയും തെളിവായി ഈ സംഖ്യകളെ ചൂണ്ടികാണിക്കപ്പെടുകയും ചെയ്തു.


എന്നാൽ ഇതിനെതിരെ സംഘടിതമായ എതിര്‍പ്പുകൾ ഉയര്‍ത്തിക്കൊണ്ടു വന്നു. ജാർഖണ്ഡിൽ നിന്നും ഉത്തര്‍പ്രദേശിൽ നിന്നും ജനപ്രതിനിധികൾ ഉൾപ്പെടെ പരസ്യമായി രംഗത്ത് വന്നു. ഇതിന് പിന്നാലെ, ചില ജാതി വിഭാഗങ്ങളെ പൊതുവായി കുറ്റപ്പെടുത്തുന്ന സമീപനമാണ് പുതിയ ചട്ടങ്ങളിൽ ഉള്ളതെന്ന് ആരോപിച്ചാണ് ഹർജിക്കാര്‍ കോടതി മുൻപാകെ എത്തിയത്.


ജാതി വിവേചനത്തിനെതിരായ നീക്കം


ജനുവരി 13 നാണ് ചട്ടങ്ങൾ പ്രാബല്യത്തിലാക്കിയത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതി വിവേചനം തടയുന്നതിനും പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള ഈ പുതിയ നിയമപ്രകാരം, എല്ലാ സർവകലാശാലകളും കോളേജുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അവരുടെ കാമ്പസുകളിൽ 24x7 ഹെൽപ്പ്‌ലൈൻ, തുല്യ അവസര കേന്ദ്രം, ഇക്വിറ്റി സ്ക്വാഡുകൾ, ഇക്വിറ്റി കമ്മിറ്റി എന്നിവ സ്ഥാപിക്കേണ്ടത് നിർബന്ധമാണ്.


ഏതെങ്കിലും സ്ഥാപനം ഈ നിയമങ്ങൾ പാലിക്കുന്നില്ലെങ്കിൽ, അംഗീകാരം റദ്ദാക്കുകയോ ഫണ്ട് തടഞ്ഞുവയ്ക്കുകയോ ഉൾപ്പെടെ യുജിസിക്ക് അതിനെതിരെ കർശന നടപടിയെടുക്കാൻ കഴിയും. ഇന്ത്യൻ സാഹചര്യങ്ങൾ ജാതി കേന്ദ്രീകൃതമായി തുടരുന്നു, ആയതിനാൽ വിവേചനത്തിനെതിരെ സ്ഥാപനപരമായ ഉത്തരവാദിത്തം സൃഷ്ടിക്കുക എന്നതാണ് ചട്ടക്കൂടിന്റെ ലക്ഷ്യമായി പ്രഖ്യാപിക്കപ്പെട്ടിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home