യുപി സർക്കാരിന് തിരിച്ചടി; അയോദ്ധ്യ സംഭാവനക്കൊള്ള പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

മാധ്യമപ്രവർത്തകനായ അഭിഷേക് ഉപാധ്യായ (വലത്)
ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാദ്ധ്യായയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി.
ഗാസിയാബാദിൽ വച്ചുണ്ടായ ഒരു വാഹനാപകടത്തെത്തുടർന്ന് പട്ടികജാതി, പട്ടികവർഗക്കാർക്കെതിരെയുള്ള അതിക്രമം ചുമത്തിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭവനക്കൊള്ളയും ക്രമക്കേടുകളും അഭിഷേകാണ് ആദ്യമായി പുറംലോകത്ത് എത്തിക്കുന്നത്.
ഇതിന്റെ പകപോക്കലാണ് കേസ് എന്നും അദ്ദേഹം ഹർജിയിൽ പറഞ്ഞിരുന്നു. അഭിഷേകിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്‌ഐആറിൽ പകർപ്പ് എത്രയും വേഗം അദ്ദേഹത്തിന് നൽകണമെന്നും കോടതി എഫ്‌ഐആർ വിശദമായി പരിശോധിക്കുമെന്നും ബെഞ്ച് അറിയിച്ചു.
എഫ്‌ഐആറിന്റെ പകർപ്പ് ലഭിച്ച ശേഷം കേസ് റദ്ദാക്കുന്നതിനോ മറ്റ് ആശ്വാസങ്ങൾക്കോ വേണ്ടി അഭിഷേകിന് അലഹബാദ് ഹൈക്കോടതിയെ തന്നെ സമീപിക്കാമെന്നും കോടതി പറഞ്ഞു.










0 comments