ഇൻഫാന്റീനോയ്‌ക്കെതിരെ മുൻ താരങ്ങൾ; ‘മാറ്റം അനിവാര്യം’ എന്ന് വിമർശനം

ജിയാനി ഇൻഫാന്റീനോ
സൂറിച്ച്: ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റീനോയ്‌ക്കെതിരെ നിലവിലെ താരങ്ങളും മുൻ ഫുട്ബോൾ താരങ്ങളും രംഗത്ത്. ഫിഫയുടെ തലപ്പത്ത് മാറ്റം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് താരങ്ങൾ സംയുക്തമായി വിമർശനം ഉന്നയിച്ചത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ഫ്രാൻസിന്റെയും മുൻ പ്രതിരോധതാരം മികായേൽ സിൽവെസ്റ്റർ എക്സിൽ പങ്കുവച്ച പ്രസ്താവനയ്ക്ക് ഇംഗ്ലണ്ട് താരം ലൂസി ബ്രോൺസ്, ഫ്രാൻസിന്റെ മുൻ ലോകകപ്പ് താരം ഇമ്മാനുവൽ പെറ്റിറ്റ്, മുൻ ഇംഗ്ലണ്ട് ഗോൾകീപ്പർ ഡേവിഡ് ജെയിംസ് തുടങ്ങിയവർ പിന്തുണ നൽകി.
ലോകകപ്പ് ഉൾപ്പെടെയുള്ള ഫിഫ മത്സരങ്ങളിൽ സ്വകാര്യ നിക്ഷേപകർക്ക് ഓഹരി വിൽക്കാനുള്ള ഇൻഫാന്റീനോയുടെ പദ്ധതിയാണ് പ്രധാന വിമർശനത്തിന് കാരണം. താരങ്ങളുമായി ആലോചിക്കാതെയാണ് പ്രധാന തീരുമാനങ്ങൾ എടുക്കുന്നതെന്നും ഫിഫയുടെ നിലവിലെ നേതൃത്വം ഫുട്ബോളിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് അകന്നുപോകുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.
ഇതിനിടെ ഇൻഫാന്റീനോയ്‌ക്കെതിരായ സമ്മർദം ശക്തമാകുകയാണ്. ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ് ഫുട്ബോൾ അസോസിയേഷനുകൾ ഉൾപ്പെടെ നിരവധി സംഘടനകളും പിന്തുണ പിൻവലിച്ചിട്ടുണ്ട്.
എന്നാൽ ഇൻഫാന്റീനോയ്ക്ക് പിന്തുണയുമായി കാമറൂൺ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് സാമുവൽ എറ്റോ രംഗത്തെത്തി. ആഫ്രിക്കൻ ഫുട്ബോളിന്റെ വളർച്ചയ്ക്ക് ഇൻഫാന്റീനോ വലിയ അവസരങ്ങൾ നൽകിയെന്നും അദ്ദേഹം ഫുട്ബോളിൽ മാറ്റങ്ങൾ കൊണ്ടുവന്നെന്നും എറ്റോ പറഞ്ഞു.








0 comments