സിവിൽ കേസുകൾ ക്രിമിനൽ കേസുകളാക്കി മാറ്റുന്നു: യുപി പൊലീസിന് സുപ്രീം കോടതിയുടെ താക്കീത്

ന്യൂഡൽഹി: സിവിൽ കേസുകൾ ക്രിമിനൽ കേസുകളാക്കി മാറ്റുന്നതിൽ ഉത്തർപ്രദേശ് പൊലീസിനെ വിമർശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. ഇത് "തെറ്റാണ്" എന്നും നിയമവാഴ്ചയുടെ "പൂർണമായ തകർച്ച" കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ സമാനമായ ഹർജികൾ ഫയൽ ചെയ്താൽ നഷ്ടപരിഹാരം നൽകണമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
ചെക്ക് ബൗൺസ് കേസിൽ ക്രിമിനൽ പ്രോസിക്യൂഷൻ താൽക്കാലികമായി നിർത്തിവച്ച കോടതി, ഉത്തർപ്രദേശ് പൊലീസ് മേധാവി പ്രശാന്ത് കുമാറിനോടും അന്വേഷണ ഉദ്യോഗസ്ഥനോടും രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ ആവശ്യപ്പെട്ടു.
ഉത്തർപ്രദേശിലെ അഭിഭാഷകർ സിവിൽ അധികാരപരിധി മറന്നുപോയെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ചെക്ക് ബൗൺസ് കേസുമായി ബന്ധപ്പെട്ടായിരുന്നു കോടതിയുടെ പരാമർശം. സിവിൽ കേസ് ക്രിമിനൽ കേസാക്കി മാറ്റിയ ശേഷം പൊലീസ് സമൻസ് അയയ്ക്കുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ഹർജിക്കാരൻ കോടതിയെ സമീപിക്കുകയും കേസ് മാറ്റാൻ പൊലീസ് കൈക്കൂലി വാങ്ങിയതായി അറിയിക്കുകയും ചെയ്തു.
"ഇത് തെറ്റാണ്, യുപിയിൽ എന്താണ് സംഭവിക്കുന്നത്. ദൈനംദിന സിവിൽ കേസുകൾ ക്രിമിനൽ കേസുകളായി മാറ്റപ്പെടുന്നു. ഇത് അസംബന്ധമാണ്, പണം നൽകാത്തത് കുറ്റകൃത്യമാക്കി മാറ്റാൻ കഴിയില്ല പറഞ്ഞു, "ഇത് വിചിത്രമാണ്, ഇത് ഉത്തർപ്രദേശിൽ ദിവസവും സംഭവിക്കുന്നു' സഞ്ജീവ് ഖന്ന പറഞ്ഞു.
സിവിൽ കേസുകൾ ക്രിമിനൽ കേസുകളാക്കി മാറ്റുന്ന പ്രവണത വർദ്ധിച്ചുവരുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാണിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം ഡിസംബറിൽ, ചില സംസ്ഥാനങ്ങളിൽ ഈ രീതി "വ്യാപകമായി" ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.










0 comments