print edition ജാതിതിരിച്ചുള്ള ജാമ്യ വ്യവസ്ഥ റദ്ദാക്കൽ: സുപ്രീംകോടതി നടപടി അഭിനന്ദനാർഹം- എം എ ബേബി


സ്വന്തം ലേഖകൻ
Published on May 06, 2026, 12:55 AM | 1 min read
ന്യൂഡൽഹി: ഒഡിഷയിൽ ആദിവാസികൾക്കും ദളിതുകൾക്കും ജാതി തിരിച്ച് ജാമ്യവ്യവസ്ഥ ഏർപ്പെടുത്തിയ ഉത്തരവുകൾ റദ്ദാക്കിയ സുപ്രീംകോടതി നടപടി അഭിനന്ദനാർഹമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട കോടതികൾ മൗലികാവകാശങ്ങൾ ലംഘിക്കുന്ന ഉത്തരവുകളിറക്കുന്നത് ആശങ്കാജനകമാണെന്ന് ‘എക്‌സിൽ’ ബേബി കുറിച്ചു.
ജീവനോപാധികളെ ബാധിക്കുന്ന വേദാന്തയുടെ ഖനന പദ്ധതിക്കെതിരെ പോരാടിയവർക്കെതിരെയാണ് അപമാനകരമായ ഇൗ വ്യവസ്ഥകൾ ചുമത്തിയത്. പോരാട്ടം നടത്തുന്നവരെ സംസ്ഥാന ജുഡീഷ്യറി ക്രിമിനലുകളാക്കി. വിഷയം ഒരു വർഷം മുന്പേ ശ്രദ്ധയിൽപ്പെട്ടിട്ടും സുപ്രീംകോടതി അന്ന് ഇടപെട്ടിരുന്നില്ല. ഇത്തരം ഗുരുതരമായ വീഴ്‌ചകൾ അംഗീകരിക്കാനാകില്ല. മുന്നിലെത്തുന്നവരിൽ ആത്മവിശ്വസം ജനിപ്പിക്കേണ്ടത് കോടതികളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് സ്റ്റേഷനും മറ്റ് പൊതുവിടങ്ങളും വൃത്തിയാക്കണം എന്നതടക്കമുള്ള ജാമ്യ വ്യവസ്ഥകളാണ് ഒഡീഷ ഹൈക്കോടതിയടക്കം ജാമ്യവ്യവസ്ഥയായി ഏർപ്പെടുത്തിയത്. ഇത് മനുഷ്യത്വ വിരുദ്ധവും ജാതിവിവേചനവുമാണെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു.











0 comments