ഗുജറാത്ത് പൊലീസിന്റെ എസ്ഒപി; മതിയായ പുനഃപരിശോധന ആവശ്യം: ജോൺ ബ്രിട്ടാസ് എംപി

ന്യൂഡൽഹി : ഗുജറാത്ത് പൊലീസിന്റെ സ്റ്റേറ്റ് ഇന്റലിജൻസ് ബ്യൂറോ പുറത്തിറക്കിയ ആന്റി റാഡിക്കലൈസേഷൻ സെല്ലിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജർ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എംപി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേലിന് കത്തയച്ചു. പുറത്തുവന്ന റിപ്പോർട്ടുകൾ അടിയന്തര അവലോകനം ആവശ്യപ്പെടുന്നത്ര ഗൗരവമുള്ളതാണ്.
ഭീകരതയെയും തീവ്രവാദത്തെയും ചെറുക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെങ്കിലും നടപടികൾ ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും വിധേയമായിരിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റിപ്പോർട്ടുകൾ പ്രകാരം, ചില വ്യവസ്ഥകൾ സാധാരണ മതപരമായ ആചാരങ്ങളെയും പ്രകടനങ്ങളെയും തീവ്രവാദത്തിന്റെ സൂചകങ്ങളായി കണക്കാക്കുന്നുണ്ട്. ഇത് ഭരണഘടനാ വിരുദ്ധമാണ്. ഒപ്പം മൗലികാവകാശങ്ങളുടെ ലംഘനത്തെ കുറിച്ചും ആശങ്കകൾ ഉയർത്തുന്നു.
താടി വളർത്തൽ, നിഖാബ് ധരിക്കൽ, അറബി പ്രയോഗങ്ങൾ ഉപയോഗിക്കൽ, മുസ്ലിം സമൂഹത്തെ ബാധിക്കുന്ന അന്താരാഷ്ട്ര സംഭവങ്ങളോട് പ്രതികരിക്കൽ, മതസ്ഥാപനങ്ങൾ സന്ദർശിക്കൽ തുടങ്ങിയ സാധാരണ മതാചാരങ്ങളും വ്യക്തിത്വപ്രകടനങ്ങളും തീവ്രവാദത്തിന്റെ സൂചനകളായി കണക്കാക്കുന്ന വ്യവസ്ഥകൾ എസ്‌ഒപിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നിയമപരമായ മതപരമായ ആചാരങ്ങളെ സുരക്ഷാ ഭീഷണികളുമായി കൂട്ടിക്കുഴയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമായ മതാധിഷ്ഠിത പ്രൊഫൈലിങ്ങിന് വഴിയൊരുക്കുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
സ്വതന്ത്ര ഭരണഘടനാ പരിശോധന പൂർത്തിയാകുന്നതു വരെ എസ്‌ഒപി നടപ്പിലാക്കുന്നത് നിർത്തിവയ്ക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. മതത്തെയോ ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള മറ്റ് സ്വഭാവസവിശേഷതകളെയോ അടിസ്ഥാനമാക്കിയുള്ള പ്രൊഫൈലിംഗ് സാധ്യമാക്കുന്ന ഏതൊരു വ്യവസ്ഥയും പിൻവലിക്കുകയോ പരിഷ്കരിക്കുകയോ ചെയ്യണം. തീവ്രവാദവിരുദ്ധ നടപടികൾ തെളിവുകളുടെ അടിസ്ഥാനത്തിൽ നിയമവിരുദ്ധവും അക്രമപരവുമായ പ്രവൃത്തികളിൽ മാത്രം കേന്ദ്രീകരിക്കണമെന്നും വിവേചനപരമായ പ്രയോഗം തടയാൻ മതിയായ സുരക്ഷാ വ്യവസ്ഥകൾ ഉറപ്പാക്കണമെന്നും ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.











0 comments