print edition ഗ്രാമീണ തൊഴിൽ മൗലികാവകാശമാക്കേണ്ടതുണ്ടോ; ചോദ്യവുമായി സുപ്രീംകോടതി


സ്വന്തം ലേഖകൻ
Published on Aug 23, 2026, 01:31 AM | 1 min read
ന്യൂഡൽഹി: ഭരണഘടനയുടെ നിർദേശകതത്വത്തിൽ മാത്രം ഉൾപ്പെടുത്തിയിരിക്കുന്ന തൊഴിലെടുക്കാനുള്ള അവകാശം മൗലികാവകാശമായി ഉയർത്തേണ്ടതുണ്ടോ എന്ന ചോദ്യവുമായി സുപ്രീംകോടതി. കേന്ദ്രസർക്കാർ ഇല്ലാതാക്കിയ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ മിനിമം വേതനം ഉയർത്തണമെന്നും മുടങ്ങിയ വേതനത്തിന് നഷ്‌ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തക അരുണ റോയ് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്.
തൊഴിലെടുക്കാനുള്ള അവകാശം മൗലികാവകാശമായി ഭരണഘടന കണക്കാക്കുന്നില്ല. നാലാം ഭാഗത്തിലെ ജനാധിപത്യ അഭിലാഷം മാത്രമാണത്. ഈ ലക്ഷ്യം കൈവരിക്കാൻ സർക്കാർ നയം രൂപീകരിച്ച് ജോലിക്ക് അനുയോജ്യമായ വേതനം നൽകണം. അതിന് തൊഴിൽ ചെയ്യാനുള്ള അവകാശത്തെ അനുച്ഛേദം 21ന് (ജീവിക്കാനുള്ള അവകാശം) തത്തുല്യമാക്കേണ്ടതുണ്ടോ എന്നും ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്‌ചി ആരാഞ്ഞു. അപ്പോൾ സർക്കാർ ക്ഷേമപ്രവർത്തനങ്ങൾ വെട്ടിച്ചുരുക്കിയാൽ എന്ത് സംഭവിക്കുന്നമെന്ന സുപ്രധാനമായ ചോദ്യത്തിന് മറുപടി നൽകേണ്ടി വരും. അങ്ങനെയെങ്കിൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കണമെന്ന ഉത്തരവ് നൽകേണ്ടി വരില്ലേയെന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച വിബിജി ആർഎഎംജി പദ്ധതി നടപ്പിൽ വന്നതിനാൽ മിനിമം വേതനമടക്കമുള്ളവയുടെ വിവരങ്ങൾ ഉൾപ്പെടുത്തി പുതിയ ഹർജി നൽകാൻ അരുണ റോയിയുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷണിനോട് കോടതി നിർദേശിച്ചു. പുതിയ നിയമത്തിന് കീഴിലും മിനിമം വേതനം സംബന്ധിച്ച പ്രശ്‌നം പ്രസക്തമാണെന്ന് ഭൂഷൺ വാദിച്ചു. മിനിമം വേതനത്തിന് താഴെയുള്ള വേതനം നിർബന്ധിത തൊഴിലാണെന്ന് വിധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഭവങ്ങൾ വർധിക്കാതെ മിനിമം വേതനം ഉയർത്തിയാൽ തൊഴിലാളികളുടെ എണ്ണം കുറയില്ലേയെന്നും ചീഫ് ജസ്റ്റിസ് ആരാഞ്ഞു.










0 comments