Deshabhimani

നവോദയ വിദ്യാലയ വിവാദം: തമിഴ്നാടിന്റെ ഹർജി തള്ളി സുപ്രീം കോടതി

Supreme Court
വെബ് ഡെസ്ക്

Published on Sep 17, 2026, 04:28 PM | 1 min read

ന്യൂഡൽഹി: ഓരോ ജില്ലയിലും നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിനായി ഭൂമി കണ്ടെത്തണമെന്ന ഇടക്കാല ഉത്തരവ് പുനഃപരിശോധിക്കണമെന്ന തമിഴ്നാട് സർക്കാരിന്റെ ഹർജി സുപ്രീം കോടതി തള്ളി. മൂന്ന് മാസത്തിനകം ആവശ്യമായ ഭൂമി കണ്ടെത്തണമെന്നും കോടതി നിർദേശിച്ചു.


സംസ്ഥാനത്തിന്റെ ഭാഷാ നയത്തിന് വിരുദ്ധമാണ് നവോദയ വിദ്യാലയ പദ്ധതി എന്നായിരുന്നു തമിഴ്നാടിന്റെ വാദം. സ്കൂളുകൾ വഴി ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനും തമിഴിനേക്കാൾ ഹിന്ദിക്ക് പ്രാധാന്യം നൽകാനുമുള്ള ശ്രമമാണിതെന്നും സർക്കാർ കോടതിയെ അറിയിച്ചു.


എന്നാൽ, കേന്ദ്ര സർക്കാരിന്റെ നയം നടപ്പാക്കുന്നതിൽ സംസ്ഥാനത്തിന് ഏകപക്ഷീയമായി വിസമ്മതിക്കാനാകില്ലെന്ന് ജസ്റ്റിസ് ബിവി നാഗരത്ന ചൂണ്ടിക്കാട്ടി. ഭാഷാ വിഷയത്തിൽ കേന്ദ്രവുമായി സഹകരണ ഫെഡറലിസത്തിന്റെ മനോഭാവത്തിൽ ചർച്ച നടത്തണമെന്നും കോടതി നിർദേശിച്ചു.


നവോദയ വിദ്യാലയങ്ങൾ സംസ്ഥാന നയത്തിന് വിരുദ്ധമല്ലെന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. അതേസമയം, പദ്ധതി നിർബന്ധിതമല്ലെന്നും സർക്കാർ നയം നടപ്പാക്കാൻ കോടതിക്ക് സംസ്ഥാനത്തെ നിർബന്ധിക്കാനാകില്ലെന്നും തമിഴ്നാട് വാദിച്ചു


രാജ്യത്ത് ഒരു നവോദയ വിദ്യാലയം പോലും ഇല്ലാത്ത ഏക സംസ്ഥാനമാണ് തമിഴ്നാട്. ഹിന്ദി അടിച്ചേൽപ്പിക്കുമെന്ന ആശങ്കയെ തുടർന്നാണ് സംസ്ഥാനത്തിന്റെ തുടർച്ചയായ എതിർപ്പ്. കേസിൽ അടുത്ത വാദം ഡിസംബർ 14ന് നടക്കും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home