Deshabhimani

ഐടി നിയമ ഭേദഗതി:ബോംബെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു

Bombay High Court.jpg
വെബ് ഡെസ്ക്

Published on Mar 10, 2026, 02:28 PM | 2 min read

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദമായ ഐടി (ഭേദഗതി)നിയമങ്ങൾ റദ്ദാക്കിയ ബോംബെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. സോഷ്യൽ മീഡിയയിലെ വ്യാജ വാർത്തകൾ തടയുന്നതിനായി എന്ന പേരിൽ കൊണ്ടുവന്ന ഈ നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയത്.


ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേന്ദ്ര സർക്കാരിന്റെ ഹർജി പരിഗണിച്ചത്. വിധി സ്റ്റേ ചെയ്യാൻ തയ്യാറായില്ലെങ്കിലും വിഷയത്തിൽ വിശദമായ പരിശോധന നടത്താൻ സുപ്രീം കോടതി തീരുമാനിച്ചു.


സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്ര,എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ തുടങ്ങിയ ഹർജിക്കാർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.


നിലവിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രവർത്തിക്കുന്ന രീതിയിൽ ആശങ്ക സ്വാഭാവികമെന്ന് കോടതി പറഞ്ഞു. ഇന്ത്യൻ സൈന്യത്തെയും ദേശീയ നയങ്ങളെയും കുറിച്ചുള്ള തെറ്റായ സന്ദേശങ്ങൾ പ്രചരിക്കുന്നത് അപകടകരമാണെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.


ഉള്ളടക്കം പൂർണ്ണമായും തടയുകയല്ല,മറിച്ച് തെറ്റായ വിവരങ്ങൾ നിയന്ത്രിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. എന്നാൽ, നിലവിലുള്ള നിയമങ്ങൾ തന്നെ തെറ്റായ വിവരങ്ങൾ നീക്കം ചെയ്യാൻ പര്യാപ്തമാണെന്ന് മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്തർ വാദിച്ചു . 'തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ' എന്നതിന് ഭേദഗതിയിൽ നിർവ്വചനം നൽകാത്തതാണ് പ്രശ്നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


എന്താണ് വിവാദമായ ഭേദഗതി


2023-ൽ കൊണ്ടുവന്ന ഐടി നിയമ ഭേദഗതി പ്രകാരം,സർക്കാരിനെ സംബന്ധിച്ച "വ്യാജമോ തെറ്റായതോ ആയ"വിവരങ്ങൾ കണ്ടെത്താൻ ഒരു ഫാക്റ്റ് ചെക്ക് യൂണിറ്റ് (FCU)രൂപീകരിക്കാൻ കേന്ദ്രത്തിന് അധികാരം നൽകിയിരുന്നു.


ഈ യൂണിറ്റ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടുന്ന വിവരങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നീക്കം ചെയ്യണം.അല്ലാത്തപക്ഷം,പ്ലാറ്റ്‌ഫോമുകൾക്ക് ലഭിക്കുന്ന നിയമ പരിരക്ഷ (Safe Harbour)നഷ്ടമാകുമെന്നതായിരുന്നു നിയമം. സര്‍ക്കാരിന് ഹിതകരമല്ലാത്തത് എന്തായാലും തടയാം. 2024 മാർച്ചിൽ തന്നെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയെ ഫാക്ട് ചെക്ക് യൂണിറ്റായി കേന്ദ്രം നോട്ടിഫൈ ചെയ്തിരുന്നു . എന്നാൽ ഈ നടപടി കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

ബോംബെ ഹൈക്കോടതി കണ്ടെത്തിയത്


സെപ്റ്റംബർ 2024-ൽ ബോംബെ ഹൈക്കോടതി ഈ ഭേദഗതികൾ റദ്ദാക്കി.നിയമം അവ്യക്തമാണെന്നും ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇത് പൗരന്മാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേൽ (അനുച്ഛേദം 19) കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും എന്നും ചൂണ്ടി കാട്ടി.


ഭരണഘടനയുടെ അനുച്ഛേദം 19(2) പ്രകാരമുള്ള 'യുക്തിസഹമായ നിയന്ത്രണങ്ങൾ' എന്ന പരിധിക്കപ്പുറമാണിത്. ആത്മനിഷ്ഠമായ വ്യാഖ്യാനത്തിനും ഏകപക്ഷീയമായ നടപടിക്കും ഇത് വഴിവെക്കും. സർക്കാരിനെ സംബന്ധിച്ച വിവരങ്ങളുടെ കാര്യത്തിൽ സർക്കാർ തന്നെ സത്യാവസ്ഥയുടെ ഏക വ്യാഖ്യാതാവാകും എന്ന നില വരുന്നു- എന്നിങ്ങനെ കോടതി കണ്ടെത്തി. ഉള്ളടക്കത്തിന്റെ കൃത്യത ഉറപ്പാക്കേണ്ട ഉത്തരവാദിത്തം, ഉള്ളടക്കം സൃഷ്ടിക്കുന്നവരിൽ നിന്നും അത് ഹോസ്റ്റ് ചെയ്യുന്ന ഇടനിലക്കാരിലേക്ക് മാറ്റുന്നു എന്ന പ്രശ്നവും ചൂണ്ടി കാട്ടി.


കേസ് പരിഗണിച്ച സുപ്രീം കോടതി ബന്ധപ്പെട്ട കക്ഷികൾക്ക് മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ നാല് ആഴ്ചയ്ച സമയം നൽകി. ഈ കേസിൽ ഹർജിക്കാരനായ കുനാൽ കമ്ര, കേന്ദ്ര സർക്കാരിന്റെ പുതിയ 'സഹയോഗ്' പോർട്ടലിനെതിരെയും ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home