Deshabhimani

കണ്ണീരൊഴുക്കിയ സർക്കാരാണ് ഞങ്ങളെ മൂന്ന് കേസിൽ പ്രതിയാക്കിയത്: വളർമതി

lpst protest
വെബ് ഡെസ്ക്

Published on Nov 05, 2026, 09:42 AM | 1 min read

തിരുവനന്തപുരം: ഉദ്യോഗാർത്ഥി തലമുണ്ഡനം ചെയ്തത് കണ്ടപ്പോൾ കണ്ണീരണിഞ്ഞു എന്ന് പറഞ്ഞ മുഖ്യമന്ത്രി വി ഡി സതീശന് മറുപടിയുമായി എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരസമിതി നേതാവ് വളർമതി. കണ്ണീരൊഴുക്കിയ സർക്കാരാണ് സമരം ചെയ്തതിന്റെ പേരിൽ ഉദ്യോഗാർത്ഥികൾക്കെതിരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തതെന്ന് വളർമതി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതൊന്നും ജനങ്ങൾ കാണുന്നില്ലെന്ന് സർക്കാർ ധരിക്കരുത്.


എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ നാല് ആവശ്യങ്ങൾ അംഗീകരിച്ചുവെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് അവകാശപ്പെടുമ്പോഴും അതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവുകളൊന്നും ഇതുവരെ ഇറക്കിയിട്ടില്ല. ഞങ്ങളുടെ ആവശ്യങ്ങള്‍ പഠിക്കാന്‍ 45 ദിവസത്തെ സമയം ആവശ്യപ്പെട്ട് സര്‍ക്കാര്‍ എന്താണ് പഠിച്ചത്.ഞങ്ങൾ ഡാറ്റാ സ്പെഷ്യലിസ്റ്റുകൾ അല്ലെങ്കിലും ഓരോ സ്കൂളിലെയും കണക്കുകൾ കൃത്യമായി ആർടിഐ വഴി എടുത്തു പഠിച്ചാണ് സമരത്തിന് വന്നിരിക്കുന്നത്. ഞങ്ങൾക്ക് ഇത് പഠിക്കാൻ കഴിയുമെങ്കിൽ, വിരൽതുമ്പിൽ ബട്ടൺ ഞെക്കിയാൽ കിട്ടുന്ന വിവരങ്ങൾ സർക്കാരിന് എന്തുകൊണ്ട് പഠിക്കാൻ സാധിച്ചില്ല.


അധ്യാപക അനുപാതം കുറയ്ക്കുന്നത് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എങ്കില്‍ എത്ര രൂപയാണ് ബാധ്യതയെന്നോ, അധ്യാപക- വിദ്യാര്‍ത്ഥി അനുപാതം 1:25 ആക്കിയാല്‍ എത്ര അധിക തസ്തിക സൃഷ്ടിക്കേണ്ടി വരുമെന്നോ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. സാമ്പത്തിക ബാധ്യതയെന്ന് പറയുമ്പോൾ തന്നെ സർക്കാർ വേറെ എന്തൊക്കെ കാര്യങ്ങൾക്കാണ് ധൂത്തർത്തടിക്കുന്നത്. തങ്ങള്‍ക്കൊപ്പം പഠിച്ചവര്‍ പണം കൊടുത്ത് ജോലിക്ക് കയറി. സാമ്പത്തിക ബാധ്യത വരാതെ എങ്ങനെയാണ് അവര്‍ക്ക് നിയമനം നല്‍കാന്‍ കഴിഞ്ഞത്. ഭിന്നശേഷി നിയമനങ്ങള്‍ അട്ടിമറിച്ചു കൊണ്ട് നിയമനങ്ങള്‍ നടക്കുന്നു. എയ്ഡഡ് സ്കൂളിലെ കെ ടെറ്റ് ഇല്ലാത്തവരെ പിരിച്ചു വിടണമെന്ന് ഉത്തരവിട്ട് 24 മണിക്കൂറിനുള്ളല്‍ അത് പിന്‍വലിച്ചു. എന്നാല്‍ 122 ദിവസമായി സമരം ചെയ്യുകയും പത്ത് ദിവസമായി നിരാഹാരം അനുഷ്ഠിക്കുകയും ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ല. സാധാരണക്കാരെ തഴയുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വളര്‍മതി പറഞ്ഞു.


സമരം ചെയ്യുന്നവരുമായി വിദ്യാഭ്യാസ മന്ത്രിയും താനും ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും, സമരക്കാർ ഉന്നയിച്ച അഞ്ച് ആവശ്യങ്ങളിൽ നാല് കാര്യങ്ങളും സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം.അധ്യാപക- വിദ്യാര്‍ത്ഥി അനുപാതം നിലവില്‍ കുറയ്ക്കാനാവില്ലെന്നും സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമാണെന്നുമാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home