ഉന്നാവോ കസ്റ്റഡി മരണക്കേസ്: കുൽദീപ് സിങ് സെംഗാറിന് തിരിച്ചടി; ജാമ്യാപേക്ഷ പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ഉന്നാവോ പെൺകുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ബിജെപി നേതാവ് കുൽദീപ് സിങ് സെംഗാറിന് സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി.
കേസിൽ തനിക്ക് ലഭിച്ച ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സെംഗാർ സമർപ്പിച്ച ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഹർജിയിൽ അടിയന്തരമായി തീരുമാനമെടുക്കാൻ ഡൽഹി ഹൈക്കോടതിയോട് സുപ്രീംകോടതി നിർദ്ദേശിച്ചു.
സെംഗാറിന്റെ അപ്പീൽ മൂന്ന് മാസത്തിനുള്ളിൽ തീർപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നിലവിൽ ഈ കേസ് ഫെബ്രുവരി 11-ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ട് കോടതിക്ക് പുറത്ത് നടക്കുന്ന മാധ്യമ വിചാരണകളിൽ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. കോടതിക്ക് പുറത്ത് സമാന്തര വിചാരണകൾ അനുവദിക്കില്ലെന്നും, ഇരയുടെ അഭിഭാഷകർ മാധ്യമങ്ങൾക്ക് പ്രസ്താവനകൾ നൽകുന്നത് ശരിയല്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു.
2018 ഏപ്രിൽ 9-നാണ് ഉന്നാവോ പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. സെംഗാറിന്റെ ഒത്താശയോടെ ആയുധ നിയമപ്രകാരം വ്യാജ കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത ഇദ്ദേഹം ക്രൂരമായ പൊലീസ് മർദ്ദനത്തെ തുടർന്നാണ് കൊല്ലപ്പെട്ടത്.
ഈ കേസിൽ 2020 മാർച്ചിൽ വിചാരണ കോടതി സെംഗാറിന് പത്ത് വർഷം കഠിനതടവും 10 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഒരു കുടുംബത്തിന്റെ ഏക അത്താണിയെ ഇല്ലാതാക്കിയവർക്ക് യാതൊരു ഇളവും നൽകാനാവില്ലെന്നായിരുന്നു വിചാരണ കോടതിയുടെ നിരീക്ഷണം.










0 comments