print edition സുപ്രീംകോടതിക്ക് തെരഞ്ഞെടുപ്പ് കമീഷന്റെ ഉറപ്പ്; അർഹരെ വെട്ടില്ല

ന്യൂഡൽഹി: വോട്ടർപട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (എസ്‌ഐആർ) നടപടിയിലൂടെ അർഹതയുള്ള ഒരാളുടെയും വോട്ടവകാശം നിഷേധിക്കില്ലെന്ന് സുപ്രീംകോടതിയിൽ ഉറപ്പുനൽകി തെരഞ്ഞെടുപ്പ് കമീഷൻ. കരടുപട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടവർക്ക് വീണ്ടും പേര് ചേർക്കാൻ അവസരം നൽകും. അർഹരായ ആരും അന്തിമപട്ടികയിൽ നിന്നും പുറത്താകില്ലെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിച്ചെന്നും സത്യവാങ്‌മൂലത്തിൽ അവകാശപ്പെട്ടു.
എസ്‌ഐആർ നടപടിക്കിടെ എന്യുമറേഷൻ ഫോം സമർപ്പിക്കാത്തതിനാൽ കരടുപട്ടികയിൽ ഉൾപ്പെടാതെ പോയവർക്കാണ് വീണ്ടും അവസരം നൽകുന്നത്. ഇവർക്ക് താമസസ്ഥലത്തെ ഇലക്‌ടറൽ രജിസ്‌ട്രേഷൻ ഓഫീസർ (ഇആർഒ), അസി. ഇആർഒ, ബൂത്തുതല ഓഫീസർ (ബിഎൽഒ) മുഖേന അപേക്ഷ സമർപ്പിക്കാം. നേരിട്ടോ കുടുംബാംഗങ്ങൾ വഴിയോ ഓൺലൈനായോ അപേക്ഷ നൽകാം. താമസസ്ഥലം മാറിയിട്ടില്ലാത്തവർ നേരത്തെ ഫോം സമർപ്പിക്കാത്തതിന് വിശദീകരണം നൽകണം. സംസ്ഥാനത്തിനുള്ളിൽ താമസം മാറിയവർക്ക് പുതിയ വിലാസത്തിന്റെ തെളിവുസഹിതം അപേക്ഷിക്കാം. ഇവർ ഫോം എട്ട് സമർപ്പിക്കേണ്ട ആവശ്യമില്ലെന്നും തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി.
കരടുപട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടവരുടെ ബൂത്തുതല പട്ടിക വീണ്ടും പ്രസിദ്ധീകരിക്കും. പേര് ഉൾപ്പെടുത്താത്തതിനുള്ള കാരണവും വ്യക്തമാക്കും. അപേക്ഷകൾ പരിശോധിച്ച് അർഹരായവരെ അന്തിമ പട്ടികയിൽ വീണ്ടും ഉൾപ്പെടുത്തും. ഇവർക്ക് മുന്പുണ്ടായിരുന്ന അതേ വോട്ടർ തിരിച്ചറിയൽ കാർഡ് നന്പർ നൽകും.
ഇൗ നിർദേശങ്ങൾ പ്രാദേശിക ഭാഷകളിൽ ഉൾപ്പടെ വ്യാപകമായി പ്രചരിപ്പിക്കാൻ സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.









0 comments