print edition അനിൽ അംബാനിക്കെതിരായ കേസുകൾ അന്വേഷിക്കാൻ ഏജൻസികൾക്ക് താൽപര്യമില്ല: സുപ്രീംകോടതി


സ്വന്തം ലേഖകൻ
Published on Mar 24, 2026, 12:44 AM | 1 min read
ന്യൂഡൽഹി : മുപ്പതിനായിരം കോടി രൂപയുടെ വായ്‌പ തട്ടിപ്പ് നടത്തിയെന്ന കേസിൽ റിലയൻസ് കമ്മ്യൂണിക്കേഷൻസ് (ആർകോം) മേധാവി അനിൽ അംബാനിക്ക് സുപ്രീംകോടതിയിൽ കുരുക്ക് മുറുകുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനും സിബിഐക്കും കേസുകൾ അന്വേഷിക്കുന്നതിൽ വിമുഖതയാണെന്നും അത് അംഗീകരിക്കില്ലെന്നും ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസുമാരായ ജോയ്‌മാല്യ ബാഗ്‌ചി, വിപുൽ എം പഞ്ചോളി എന്നിവരുടെ ബെഞ്ച് വിമർശിച്ചു. നിഷ്‍പക്ഷമായി കേസ് അന്വേഷിക്കണം. ഉയർന്ന ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെങ്കിൽ പുറത്തുകൊണ്ടുവരണം.
നാലാഴ്‌ചയ്ക്കകം അന്വേഷണം പൂർത്തിയാക്കാനും ഉത്തരവിട്ടു. അതിനിടെ 8 നോൺ- ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ വഴി 2983 കോടിയുടെ കടം 26 കോടിക്ക് ആർകോം ഒത്തുതീർത്തുവെന്ന് ഇഡി കോടതിയിൽ സമ്മതിച്ചു. ആസ്തി മൂല്യം കുറച്ചുകാണിച്ചും നിഴൽകക്ഷികൾക്ക് വിറ്റും പാപ്പർ നടപടി ക്രമങ്ങൾ ദുരുപയോഗിക്കപ്പെടുന്നുവെന്ന നിരീക്ഷണവും ചീഫ് ജസ്‌റ്റിസ് നടത്തി. ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 31,580 കോടി രൂപ വായ്‌പയെടുത്ത ആർകോം ചട്ടവിരുദ്ധമായി പണം കൈക്കലാക്കിയെന്ന് മുൻകേന്ദ്രസെക്രട്ടറി ഇഎഎസ് ശർമയാണ് പൊതുതാൽപ്പര്യ ഹർജിയിലൂടെ കോടതിയെ അറിയിച്ചത്.
ഓഡിറ്റർമാരെ അടക്കം ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം ഇഡി രൂപീകരിച്ചതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. യഥാർത്ഥ കുടിശ്ശിക നിർണ്ണയിക്കാൻ സമിതി രൂപീകരിക്കണം. നിലവിൽ ഏഴ് കേസിലാണ് അന്വേഷണമെന്നും മേത്ത പറഞ്ഞു. പ്രധാന പ്രതികളെ അറസ്‌റ്റ് ചെയ്യാൻ തയ്യാറാവുന്നില്ലെന്ന് ശർമയ്‌ക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. ബാങ്കുകളുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാമെന്നാണ് അംബാനിക്ക് വേണ്ടി ഹാജരായ മുകുൾ റോത്തഗി പറഞ്ഞത്.










0 comments