print edition കേന്ദ്രനീക്കം തടഞ്ഞ് സുപ്രീംകോടതി; എല്ലാം സ്‌തംഭിപ്പിക്കരുത്

ന്യൂഡൽഹി : ഇടതുപക്ഷ വിദ്യാർഥി സംഘടനകളും സിജെപിയും ശനിയാഴ്‌ച ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭം അടിച്ചമർത്താൻ ഗതാഗതനിരോധനം ഏർപ്പെടുത്തിയ കേന്ദ്രസർക്കാരിന് സുപ്രീംകോടതിയിൽ തിരിച്ചടി. സമരത്തിനെത്തുന്നവരെ തടയാൻ അടച്ച 57 മെട്രോ സ്‌റ്റേഷനും ന്യൂഡൽഹി, നിസാമുദ്ദീൻ റെയിൽവേ സ്‌റ്റേഷനുകളും തുറക്കാൻ കോടതി ഉത്തരവിട്ടു.
എല്ലാം സ്‌തംഭിപ്പിക്കാനാകില്ല. സന്പൂർണ അടച്ചിടൽ എന്നാല്‍ നിയന്ത്രണമല്ലെന്നും നിരോധനത്തിന് തുല്യമാണെന്നും ചീഫ് ജസ്‌റ്റിസ് സൂര്യകാന്തിന്റെ ബെഞ്ച് ചൂണ്ടിക്കാട്ടി. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയുടെ ഹർജി പരിഗണിച്ചാണ് ഇടപെടൽ. ജന്തർമന്തറിനുപകരം മറ്റൊരു പ്രതിഷേധവേദി അനുവദിക്കാന്‍ തീരുമാനമെടുക്കണം. വേദിക്കായി സംഘാടകർക്ക് കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറഞ്ഞു. വെള്ളി രാത്രി ഒന്പതുമുതൽ റെയില്‍വെ സ്‌റ്റേഷനുകൾ അടയ്ക്കുന്നത് അംഗീകരിക്കാനാകില്ല. ട്രെയിൻ റദ്ദാക്കൽ, റോഡുകളിലെ നിയന്ത്രണം എന്നിവ പുനഃപരിശോധിക്കണം. പൊതുഗതാഗതത്തെ ആശ്രയിക്കുന്നവർക്ക് പ്രയാസമുണ്ടാക്കരുത്.
സാധാരണക്കാർക്കുവേണ്ടിയാണ് ഇടപെടുന്നത്. ഇൗച്ചയെ കൊല്ലാൻ ചുറ്റിക ഉപയോഗിക്കരുത്– ചീഫ് ജസ്‌റ്റിസ് പറഞ്ഞു. കേരളത്തിൽനിന്നുള്ള ദീർഘദൂര ട്രെയിനുകൾ പകൽ 11ന് ശേഷമാണ് എത്തുന്നതെന്നും യാത്രക്കാർ എന്തുചെയ്യുമെന്നും എം എ ബേബിക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചോദിച്ചു. ഇന്റർനെറ്റ് വിച്ഛേദമടക്കം നിയന്ത്രണങ്ങൾ പുനഃപരിശോധിക്കാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉറപ്പുനൽകി. സിസിടിവി നിരീക്ഷണമടക്കം നടത്തി ക്രമസമാധാനം നിലനിർത്താൻ വഴികൾ തേടാൻ കേന്ദ്രസർക്കാരിനോട് കോടതി നിർദേശിച്ചു. മസ്ജിദുകളില്‍ പൊലീസെത്തി ആളുകളെ പ്രക്ഷോഭത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചത് കോടതി പിന്നീട് പരിശോധിക്കും.









0 comments