print edition തിരുപ്പറംകുണ്ഡ്രം: ഇന്ന് ദീപം തെളിച്ചേ പറ്റൂ- സുപ്രീംകോടതി


സ്വന്തം ലേഖകൻ
Published on Nov 28, 2026, 01:31 AM | 1 min read
ന്യൂഡൽഹി: മധുര തിരുപ്പറംകുണ്ഡ്രത്ത് ദര്‍ഗയ്‌ക്ക് സമീപം കല്‍ത്തൂണില്‍ ശനിയാഴ്‌ച കാർത്തികദീപം തെളിക്കണമെന്ന് സുപ്രീംകോടതി. സംഘപരിവാർ ബന്ധമുള്ള ഹര്‍ജിക്കാരിന്റെ കോടതിയലക്ഷ്യ ഹർജിയിൽ ജസ്റ്റിസ് അരവിന്ദ് കുമാർ, വിപുൽ എം പഞ്ചോളി എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഒറ്റത്തവണത്തേക്ക് കല്‍ത്തൂണില്‍ ദീപം തെളിക്കാമെന്ന നവംബർ 24-ലെ വിധി നടപ്പാക്കാന്‍ വിസമ്മതിച്ച ക്ഷേത്ര ട്രസ്റ്റി ബോർഡിനെ സസ്‌പെൻഡ്ചെയ്‌തു. ദീപം തെളിക്കുന്നത് ആചാരവിരുദ്ധമാണെന്ന ബോര്‍ഡിന്റെ പ്രമേയം കോടതിയെ വെല്ലുവിളിക്കുന്നതാണെന്നും വിധിയില്‍ പറഞ്ഞു. ബോര്‍ഡിന് പകരം മദ്രാസ് ഹൈക്കോടതി മുൻ ജഡ്‌ജിമാരായ എസ് വൈദ്യനാഥൻ, വി പാർഥിബൻ എന്നിവരെ റിസീവർമാരായി നിയമിച്ചു. ക്ഷേത്രഭരണം നടത്തേണ്ടതും ദീപം തെളിക്കാന്‍ നേതൃത്വം നൽകേണ്ടതും ഇവരാണ്. ക്ഷേത്രത്തിന്റെയും ദർഗയുടെയും സുരക്ഷ സിആർപിഎഫിന് കൈമാറി. ദർഗയിൽനിന്ന് 50 മീറ്റർ അകലത്താകണം ദീപം തെളിക്കേണ്ടത്.
തമിഴ്‌നാട് ചീഫ് സെക്രട്ടറി, മധുര കലക്‌ടർ, പൊലീസ് കമീഷണർ, ക്ഷേത്ര ട്രസ്റ്റികൾ എന്നിവരടക്കം 13 പേർക്ക് കോടതിയലക്ഷ്യ നോട്ടീസുമയച്ചു. മധുരയിൽ ഭരണപരമായ അരാജകത്വമുണ്ടെന്നും ഉത്തരവ് നടപ്പാക്കാൻ പരമാവധി ശ്രമിച്ചെന്ന കലക്‌ടറുടെ സത്യവാങ്‌മൂലവും മാപ്പപേക്ഷയും മുതലക്കണ്ണീരാണെന്നും കോടതി നിരീക്ഷിച്ചു. രാഷ്‌ട്രീയ മേലധികാരികളുടെ ആജ്ഞയ്‌ക്കനുസരിച്ചാണ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചത്. ഉത്തരവ് ദുർബലപ്പെടുത്താൻ ശ്രമിച്ചാൽ ഉരുക്കുമുഷ്‌ടി പ്രയോഗിക്കുമെന്നും കോടതി പറഞ്ഞു.
ദർഗയ്‌ക്ക് സമീപത്തെ കല്‍ത്തൂണ്‍ ബ്രിട്ടീഷ്‌കാലത്തെ സർവേക്കല്ലാണെന്നും അവിടെ കാര്‍ത്തിക ദീപം തെളിക്കുന്നത് മധുരയില്‍ അസ്വാരസ്യം സൃഷ്‌ടിക്കുമെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെയും പുരോഗമന കക്ഷികളുടെയും നിലപാട്. തിരുപ്പറംകുണ്ഡ്രം കുന്നിനെ തെക്കിന്റെ അയോധ്യയാക്കി പ്രഖ്യാപിച്ച് ധ്രുവീകരണത്തിന് ശ്രമിക്കുന്ന സംഘപരിവാറാണ് ദര്‍ഗയ്‌ക്ക് സമീപം കാര്‍ത്തികദീപം തെളിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ഉത്തരവ് ഞെട്ടിക്കുന്നതാണെന്ന് സിപിഐ എം തമിഴ്നാട് സംസ്ഥാന കമ്മിറ്റി പ്രതികരിച്ചു. നീതിന്യായ തത്വങ്ങൾക്ക് വിരുദ്ധമാണിത്. എല്ലാ ജനാധിപത്യ മതനിരപേക്ഷ ശക്തികളും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.









0 comments