തൃണമൂൽ സർക്കാരിന്റെ അഴിമതിക്കെതിരെ രൂക്ഷപരാമർശം

ഗോപി
Published on Apr 04, 2025, 03:05 AM | 1 min read
കൊൽക്കത്ത : കോഴപ്പണം വാങ്ങി സ്കൂൾ സർവീസ് കമീഷൻ പാനൽ വഴി പശ്ചിമ ബംഗാളിൽ നടത്തിയ നിയമനങ്ങൾ റദ്ദാക്കിയ സുപ്രിംകോടതി ഉത്തരവിൽ, തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെ അഴിമതിക്കെതിരെ രൂക്ഷപരാമർശം. അനധികൃത സ്കൂൾ അധ്യാപക–അനധ്യാപക നിയമനം റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധി ശരിവച്ച സുപ്രീംകോടതി സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ തള്ളി. 2016ൽ നടത്തിയ നിയമന പ്രക്രിയ കടുത്ത വഞ്ചനയാണെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടി.
സർക്കാർ എയ്‌ഡഡ്, സ്പോൺസേഡ് സ്കൂളുകളിലെ നിയമനത്തിനായി സ്കൂൾ സർവീസ് കമീഷൻ നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ തിരിമറി നടത്തിയാണ് വിദ്യാഭ്യാസ മന്ത്രിയുൾപ്പെടെയുള്ളവർ വൻതുക കൈപ്പറ്റിയത്.
മുഖ്യമന്ത്രി മമത ബാനർജിയ്ക്ക് ഇതിനെകുറിച്ച് വ്യക്തമായ അറിവുണ്ടായിട്ടും അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് എടുത്തത്. നിയമനത്തിനെതിരെ എസ്എഫ്ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകർ നടത്തിയ പ്രക്ഷോഭത്തെതുടർന്നാണ് വിദ്യാഭ്യാസ മന്ത്രിപാർഥ ചാറ്റർജിക്കും സ്കൂൾ സർവീസ് കമീഷൻ ചെയർമാനുമുൾപ്പെടെയുള്ളവർ രാജിവച്ചത്. കൈക്കൂലി വാങ്ങിയതിന് ഇ ഡി അന്വേഷണത്തെതുടർന്ന് പാർഥ ചാറ്റർജി ഇപ്പോഴും ജയിലിലാണ്.










0 comments