print edition പ്രതിഷേധമുണ്ടായ ഉടൻ ലാത്തിവീശാനാകില്ല

ന്യൂഡൽഹി: സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കുമേൽ ലാത്തിവീശാൻ ഭരണഘടന അനുവാദം നൽകുന്നില്ലെന്ന് സുപ്രീംകോടതി. യുവജന– ഡൽഹി പൊലീസ് അഴിച്ചുവിട്ട തേർവാഴ്‌ചയിൽ കേന്ദ്ര സർക്കാരിനെയും പൊലീസിനെയും പരോക്ഷമായി വിമർശിച്ച്, പ്രതിഷേധിക്കാനുള്ള പൗരന്റെ അവകാശം ഭരണഘടനാദത്തമാണെന്നും വ്യക്തമാക്കി. പ്രതിഷേധത്തിനു തൊട്ടുപിന്നാലെ ലാത്തിവീശാനാകില്ലെന്നും ഡൽഹിയിലെ പൊലീസ് തേർവാഴ്‌ചയ്‌ക്കെതിരെയുള്ള ഹർജികൾ പരിഗണിക്കവേ കോടതി വ്യക്തമാക്കി.
‘നിയമപരമായ പ്രതിഷേധിക്കുന്നതിനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. ലാത്തിച്ചാർജോ അമിത ബലപ്രയോഗമോ പാടില്ല. ജനാധിപത്യ പ്രക്രിയയിൽ അവിഭാജ്യമായ ഘടകമാണ് അച്ചടക്കം. അമിത ബലപ്രയോഗം നടന്നെന്ന് ആരോപണമുണ്ടെങ്കിൽ സ്വതന്ത്ര അന്വേഷണം ആവശ്യമാണ്. ദേശീയ തലത്തിൽ ഇതിന് പ്രോട്ടോകോൾ വേണം. നിയന്ത്രണരഹിതമായി പ്രതിഷേധിക്കാനുള്ള പ്രത്യേക ഇടം ആവശ്യമാണ്. വിഷയത്തിൽ കേന്ദ്രസർക്കാർ എതിരഭിപ്രായം ഉയർത്തരുത്’–ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.
ബിഹാറിൽ വിദ്യർഥികൾക്ക് നേരെ എകെ–47 ഉപയോഗിച്ചുവെന്നും ദേശീയതലത്തിൽ മാർഗനിർദേശം വേണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടു. പെൺകുട്ടികൾക്കുനേരെ പൊലീസ് ലൈംഗികാതിക്രമം നടത്തിയെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. അതിനിടെ തങ്ങൾക്കെതിരെ ആൾക്കൂട്ട ആക്രമണമുണ്ടായെന്ന് വാദിച്ച് പൊലീസുകാരും കക്ഷിചേർന്നു. ഹർജികൾ വിശദമായി ചൊവ്വാഴ്‌ച പരിഗണിക്കും.










0 comments